മൻസൂറിനെ കൊന്ന കേസിലെ പ്രതി കൂലോത്ത് രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയതാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡൻ്റ് കെ.സുധാകരൻ.

ഒളിവിൽ കഴിയുന്നതിനിടെ രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തി സംസാരിച്ചു. ആ നേതാവിൻ്റെ പേര് ഇപ്പോൾ പറയാൻ താത്പര്യപ്പെടുന്നില്ല.

തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവര്‍ത്തകൻ മൻസൂറിനെ കൊന്ന കേസിലെ പ്രതി കൂലോത്ത് രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയതാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡൻ്റ് കെ.സുധാകരൻ. യാദൃശ്ചികമായുണ്ടായ ഒരു സംഭവത്തെ തുടര്‍ന്നാണ് രതീഷ് കൊല്ലപ്പെട്ടത്. ഒളിവിൽ കഴിയുന്നതിനിടെ രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തി സംസാരിച്ചു. ആ നേതാവിൻ്റെ പേര് ഇപ്പോൾ പറയാൻ താത്പര്യപ്പെടുന്നില്ല.

അതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മറ്റ് പ്രതികൾ മർദ്ദിച്ചതിനെ തുടര്‍ന്ന് രണ്ടാം പ്രതി ബോധരഹിതനായി വീണു. ഇതോടെ മറ്റു പ്രതികളൾ രതീഷിനെ കെട്ടി തൂക്കുകയാണ് ചെയ്തത്. ഇതാണ് ഞങ്ങൾക്ക് കിട്ടിയ വിവരം.പാര്‍ട്ടി ഗ്രാമത്തിൽ നിന്നും ലഭിച്ച വ്യക്തമായ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും കെ.സുധാകരൻ പറഞ്ഞു.

തൂങ്ങി മരിക്കുന്നതിന് മുൻപേ തന്നെ കൂലോത്ത് രതീഷ് കൊലപ്പെട്ടിരുന്നുവെന്നാണ് പൊലീസിൻ്റേയും നിഗമനം. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മേലെ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന. വടകര എസ്.പി നേരിട്ടാണ് ഫോറൻസിക് വിദഗ്ദ്ധറുമായി ചേര്‍ന്ന് കേസിൽ അന്വേഷണം നടത്തുന്നത്.

സാധാരണ രാഷ്ട്രീയ കൊലപാതകങ്ങളിൽ പാര്‍ട്ടി കൊടുക്കുന്ന ലിസ്റ്റിലുള്ളവരാണ് പ്രതികളായി വരാറുള്ളത്. എന്നാൽ ടി.പി.ചന്ദ്രശേഖരൻ്റെ കൊലപാതകത്തോടെയാണ് ഈ രീതിക്ക് മാറ്റം വരുന്നത്. മൻസൂര്‍ വധക്കേസിലെ കൊലയാളികളെല്ലാം തന്നെ കൊല്ലപ്പെട്ടയാളുടെ സമീപത്തെ വീടുകളിൽ താമസിക്കുന്നവരാണ്. മൻസൂറിനേയും സഹോദരൻ മുഹസിനേയും പ്രതികൾ ആക്രമിക്കുന്നതിന് നിരവധി സാക്ഷികളുമുണ്ട്. ഇവരുടെയെല്ലാം പേരുകൾ മുഹസിനും കുടുംബവും സംഭവത്തിന് സാക്ഷിയായ അയൽവാസികളും മാധ്യമങ്ങളോട് അടക്കം വെളിപ്പെടുത്തിയിട്ടുണ്ട്.*

കൊലപാതകത്തിൽ പങ്കെടുത്തവരുടെ മുഴുവൻ വിവരങ്ങളും ഈ രീതിയിൽ പുറത്തു വന്നതോടെ ഇവരെയെല്ലാം പൊലീസിന് അറസ്റ്റ് ചെയ്തേ മതിയാവൂ. കൊലപാതകം നടക്കുന്നതിന് തൊട്ടുമുൻപാണ് കൂലോത്ത് രതീഷ് കൊലപ്പെട്ടത് എന്ന നിലയ്ക്കാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. കൂട്ടുപ്രതികളുടെ സാന്നിധ്യത്തിലാവും രതീഷ് കൊല്ലപ്പെട്ടതെന്നും അതിനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പൊലീസ് വിലയിരുത്തുന്നു.

രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കശുവണ്ടി തോട്ടത്തിൽ പൊലീസ് വ്യാപക പരിശോധന നടത്തിയത് രതീഷിനൊപ്പം പ്രതികളെല്ലാം ഇവിടെയുണ്ടായിരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്. രതീഷിൻ്റെ കൊലയ്ക്ക് ശേഷം ഒപ്പമുണ്ടായിരുന്ന പ്രതികളെ കോഴിക്കോട്ടെ മലയോരമേഖലയിലേക്ക് മാറ്റി എന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. പാർട്ടി ലോക്കൽ സെക്രട്ടറിയും, ബ്രാഞ്ച് സെക്രട്ടറിയുമടക്കമുള്ള പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്.