മഅദിൻ അക്കാദമിക്കു കീഴിൽ വ്യത്യസ്തവും വൈവിധ്യപൂർണവുമായ റംസാൻ പരിപാടികൾ.

മലപ്പുറം: കോവിഡ് സാഹചര്യത്തിൽ ഇത്തവണ മേൽമുറി മഅദിൻ അക്കാദമിക്കു കീഴിൽ വ്യത്യസ്തവും വൈവിധ്യപൂർണവുമായ റംസാൻ പരിപാടികൾ.

എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നാൽപ്പതിന പരിപാടികളാണ് ആസൂത്രണംചെയ്തിട്ടുള്ളതെന്ന് ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽബുഖാരി പത്രസമ്മേളനത്തിൽ അറിയിച്ചു. കേൾവി -കാഴ്ച പരിമിതിയുള്ളവർക്ക് ആശ്വാസകിറ്റ് വിതരണം, ബോധവത്കരണസംഗമം, ഭിന്നശേഷിക്കാർക്ക് ശാക്തീകരണസംഗമം, എബിലിറ്റി വാക്‌സ്, ഏബിൾ ടോക്ക് തുടങ്ങിയ പരിപാടികളുണ്ടാവും. ഗ്രാന്റ് മസ്ജിദിൽ ഒരുദിവസം രണ്ട് തറാവീഹ് നമസ്കാരമുണ്ടാവും. വനിതകൾക്കായി ‘നല്ലകുടുംബം നല്ല സമൂഹം’ എന്ന ശീർഷകത്തിൽ 15 മുതൽ മേയ് ആറുവരെ വിജ്ഞാനവേദിയുണ്ടാവും.

നോമ്പ് ഒന്നുമുതൽ എല്ലാദിവസവും വൈകീട്ട് 5.30 മുതൽ നോമ്പുതുറ വരെ ഗ്രാന്റ്മസ്ജിദിൽ ആത്മീയവേദി സംഘടിപ്പിക്കും. റംസാൻ കാമ്പയിനിന് മുന്നോടിയായി നടന്ന പ്ലേബട്ടൺ സോഷ്യൽമീഡിയ ഇൻഫ്ളൂവൻസേഴ്‌സ് സമ്മിറ്റ് ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽബുഖാരി ഉദ്ഘാടനംചെയ്തു. ഷെറിൻ ലാൽ, മുഹമ്മദ് നൗഫൽ കോഡൂർ, ഉമർ മേൽമുറി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വംനൽകി. പത്രസമ്മേളനത്തിൽ ചെയർമാനു പുറമേ ഉമർ മേൽമുറി, അബ്ദുൾജലീൽ സഖാഫി കടലുണ്ടി, സൈനുദ്ദീൻ നിസാമി കുന്ദമംഗലം എന്നിവരും പങ്കെടുത്തു.