കോവിഡ് 19 വ്യാപനം; ആരാധനാലയങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉറപ്പാക്കണം

കോവിഡ് 19 വ്യാപനം ആശങ്കയേറ്റുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. റംസാന്‍ മാസത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആരാധനാലയങ്ങളില്‍ നടപ്പാക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കണം. ഇതുസംബന്ധിച്ച ഉത്തരവ് ആരാധനാലയങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അതത് പ്രദേശങ്ങളിലെ തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ നിര്‍ദേശം നല്‍കണം. രോഗനിര്‍വ്യാപനത്തിനായി നിലവില്‍ സ്വീകരിച്ച നടപടികള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തും.

 

ആരാധനാലയങ്ങളിലും ആരാധനയുമായും ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍/വ്യവസ്ഥകള്‍ ചുവടെ പറയുന്നു,

 

* 60 വയസ്സ് പിന്നിട്ടവരും രോഗികളും വീടുകളില്‍ മാത്രം പ്രാര്‍ഥനകള്‍ നടത്തുക.

* ഇഫ്ത്താര്‍ സംഗമങ്ങള്‍ പരമാവധി ഒഴിവാക്കുക.

* വീടുകളില്‍ സൗകര്യങ്ങളുള്ളവര്‍ വീടുകളില്‍ത്തന്നെ നോമ്പ് തുറക്കുക.

* പള്ളികളില്‍ പോകുന്നവര്‍ വീടുകളില്‍ വച്ചുതന്നെ അംഗശുദ്ധി വരുത്തുക.

* പള്ളികളില്‍ പോകുന്നവര്‍ നമസ്‌ക്കാരത്തിനുള്ള മുസല്ല കൊണ്ടുപോകുക.

* പുറത്ത് പോകുമ്പോഴും പള്ളികളിലും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കുക.

* പള്ളികളില്‍ പ്രാര്‍ഥന സമയത്ത് സാമൂഹിക അകലം പാലിക്കുക.

* പള്ളികളില്‍നിന്ന് പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കൈകള്‍ സോപ്പ്/സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുകയും സോപ്പും വെള്ളവുമുപയോഗിച്ച് കുളിക്കുകയും ചെയ്തശേഷം മാത്രം വീട്ടിലുള്ളവരുമായി ഇടപഴകുക.

*പള്ളിയിലുള്ള മുസല്ല, തൊപ്പി മുതലായവ ഉപയോഗിക്കാതിരിക്കുക. ഹൗളില്‍ നിന്ന് വുളുഅ് എടുക്കുന്നത് ഒഴിവാക്കുക.

* ആരാധനാലയങ്ങളില്‍ എ.സി ഉപയോഗിക്കുന്നത് ഒഴിവാക്കുകയും പ്രാര്‍ഥന സമയത്ത് ജനലുകളും വാതിലുകളും തുറന്നിടുകയും ചെയ്യുക.

* പള്ളികളില്‍ കൈകള്‍ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസര്‍/സോപ്പ്, വെള്ളം, ശരീരോഷ്മാവ് പരിശോധിക്കാനുള്ള തെര്‍മ്മല്‍ സ്‌കാനര്‍ എന്നിവ ഉറപ്പുവരുത്തണം.

* സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 75, ഔട്ട്‌ഡോര്‍ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 150 എന്ന നിലയില്‍ നിജപ്പെടുത്തണം. ആരാധനാലയങ്ങളിലെ സൗകര്യങ്ങള്‍ കൂടി കണക്കിലെടുത്താകണം ഇക്കാര്യത്തില്‍ ആളുകളുടെ പരിധി നിജപ്പെടുത്തേണ്ടത്.