ശനിയും ഞായറും യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്‌, നിയന്ത്രണങ്ങൾ ഇങ്ങനെ..

കർഫ്യൂ പ്രഖ്യാപിച്ച ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളിൽ പാഴ്‌സൽ കൗണ്ടറുകൾ മാത്രം പ്രവർത്തിക്കാം. വീടുകളിൽ എത്തിച്ചുനൽകുകയുമാവാം. അവശ്യ സർവീസുകൾ ഒഴികെയുള്ളവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.

കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അത്യാവശ്യ സേവനങ്ങൾക്കുള്ള കേന്ദ്ര-സംസ്ഥാന ഓഫീസുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാക്ടറികൾ എന്നിവയ്ക്കും പ്രവർത്തിക്കാം. ഇവിടത്തെ ജീവനക്കാർ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾക്കും ജീവനക്കാർക്കും നിയന്ത്രണമില്ല. ഐ.ടി. മേഖലയിൽ അത്യാവശ്യത്തിനു മാത്രം ജീവനക്കാരെയേ ഓഫീസിൽ വന്ന് ജോലിചെയ്യാൻ അനുവദിക്കാവൂ

പഴം, പാൽ, പച്ചക്കറി, ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽക്കുന്ന കടകൾ തുറക്കാം. വീടുകളിൽ സാധനങ്ങൾ എത്തിക്കാനും അനുവാദമുണ്ട്. ദീർഘദൂര യാത്രകൾക്ക് തടസ്സമില്ല. പൊതുഗതാഗത വാഹനങ്ങൾക്കും ചരക്കു വാഹനങ്ങൾക്കും സർവീസ് നടത്താം. സ്വകാര്യ വാഹനങ്ങൾക്കും ടാക്സികൾക്കും സർവീസ് നടത്താം.

.വിമാനത്താവളങ്ങളിലും റെയിൽവേസ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും വന്നിറങ്ങുന്ന യാത്രക്കാർ യാത്രാരേഖകൾ കൈയിൽ കരുതണം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും കോവിഡ് പ്രോട്ടോകോൾ കർശനമായും പാലിക്കുകയും വേണം.