നേപ്പാൾ വഴി മറ്റുരാജ്യങ്ങളിലേക്ക് പോകുന്നതിന് ഇന്ത്യക്കാർക്ക് വിലക്ക്
ഗൾഫ് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് നേപ്പാളിന്‍റെ തീരുമാനം തിരിച്ചടിയാകും.
നേപ്പാൾ വഴി മറ്റുരാജ്യങ്ങളിലേക്ക് പോകുന്നതിന് ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തി. നേപ്പാൾ ആഭ്യന്തര മന്ത്രാലായത്തിന്‍റേതാണ് തീരുമാനം. വിലക്ക് നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
ഗൾഫ് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് നേപ്പാളിന്‍റെ തീരുമാനം തിരിച്ചടിയാകും. നേപ്പാളിന്‍റെ ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക നേപ്പാൾ വഴി സൗദി അറേബ്യയിലേക്ക് പോകുന്ന പ്രവാസികളെയായിരിക്കും.
ഇതിനകം തന്നെ 20,000തോളം ഇന്ത്യക്കാർ മറ്റുരാജ്യങ്ങളിലേക്ക് പോകാനായി എത്തിചേർന്നിട്ടുള്ളത്. ഇവർക്കെല്ലാം തീരുമാനം തിരിച്ചടിയാകും. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിവിധ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിരുന്നു. നേപ്പാളിലും കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് നേപ്പാൾ ഭരണകൂടം ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.
കാഡ്മണ്ഡു വിമാനത്താവളം വഴി ട്രാൻസിറ്റ് വിസ ഉപയോഗിച്ച് മറ്റു രാജ്യങ്ങളിലേക്കു പോകുന്നതിന് മാത്രമാണ് വിലക്ക്. അതേസമയം ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കോ തിരിച്ചു നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്കോ യാത്ര ചെയ്യാനും വിലക്കില്ല. സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരാണ് പ്രധാനമായും നേപ്പാൾ വഴിയുള്ള യാത്ര ഉപയോഗിക്കുന്നത്. ഇത്തരത്തിൽ യാത്ര ചെയ്യാനായി നേപ്പാളിലെത്തിയ 20,000 യാത്രക്കാരുടെ കാര്യത്തിൽ അനുഭാവപൂർണമായ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് എംബസി തലത്തിൽ ചർച്ച നടക്കുന്നുണ്ട്