റെയിൽവേസ്റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും പരിശോധനകൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ് ബ്രിഗേഡിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം കുറവാണ്. കൂടുതൽ പേർ കോവിഡ് ബ്രിഗേഡിൽ ചേരാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ റെയിൽവേസ്റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും പരിശോധനകൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം മുന്നിൽ കണ്ട് ഓക്സിജൻ കിടക്കകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുന്നതിനുളള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാ പ്രധാന ആശുപത്രികളിലും സിഎഫ്എൽടിസികളിലും ഓക്സിജൻ കിടക്കകൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരാവസ്ഥ മുന്നിൽ കണ്ട് ആവശ്യമായ ബഫർ സ്റ്റോക്കുണ്ടാക്കും. ഇ.എസ്.ഐ.കോർപറേഷന് കീഴിലുളള ആശുപത്രികളിലുളള കിടക്കകൾ ഓക്സിജൻ കിടക്കകളാക്കി മാറ്റും.ജയിലുകളിൽ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തടവുകാർക്ക് പരോൾ അനുവദിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സജീവ കേസുകൾ 255 ശതമാനമാണ് വർധിച്ചത്. കോവിഡ് ബ്രിഗേഡിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം കുറവാണ്. കൂടുതൽ പേർ കോവിഡ് ബ്രിഗേഡിൽ ചേരാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.