സ്ഥിതി അതീവ ഗുരുതരം: കേരളത്തിൽ ജനിതകമാറ്റം വന്ന വൈറസ് 13 ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാക്കാന്‍ പ്രാപ്തിയുള്ള ജനിതകമാറ്റ വൈറസ് സാന്നിധ്യം രൂക്ഷമായത് ഒരു മാസത്തിനിടെ. ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഒരു മാസത്തിനിപ്പുറം മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ആഫ്രിക്കന്‍ വകഭേദവും കണ്ടെത്തി. കോവിഡ് രോഗികളില്‍ 3.8 ശതമാനംപേരിലാണ് അതിതീവ്ര വൈറസ് ഫെബ്രുവരിയില്‍ കണ്ടെത്തിയതെങ്കില്‍ മാര്‍ച്ചായപ്പോള്‍ ഇത് 40 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതകമാറ്റ വൈറസ് സാന്നിധ്യമുണ്ടെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

ജനസാന്ദ്രത കൂടിയ കേരളത്തിലെ ഈ വൈറസ് സാന്നിധ്യം അതി ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍ പറയുന്നു. വൈറസ് സാന്നിധ്യം ഏറ്റവും കൂടുതല്‍ കോട്ടയത്തും ആലപ്പുഴയിലുമാണ്. 19.05 ശതമാനം . 15.63 ശതമാനവുമായി മലപ്പുറവും 10 ശതമാനത്തില്‍ കൂടുതല്‍ രോഗികളുമായി പാലക്കാടും കോഴിക്കോടും ഉണ്ട്. കാസര്‍കോട്, എറണാകുളം, കണ്ണൂര്‍, കൊല്ലം, വയനാട് ജില്ലകളിലും ബി വണ്‍ 617 വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

യു കെ വൈറസ് വകഭേദവും സൗത്ത് ആഫ്രിക്കൻ വകഭേദവും സംസ്ഥാനത്തുണ്ട്. യുകെ വൈറസ് വകഭേദം ഏറ്റവും കൂടുതല്‍ കണ്ണൂരിലാണ്. 75 ശതമാനം . കണ്ണൂരിലാകട്ടെ 66.67 ശതമാനവും. സൗത്ത് ആഫ്രിക്കൻ വകഭേദ സാന്നിധ്യം കൂടുതലുള്ളത് പാലക്കാടാണ് 21.43 ശതമാനം. പിന്നില്‍ കാസര്‍കോഡ് 9.52. പത്തനംതിട്ട പക്ഷേ സുരക്ഷിതമാണ്. ഫെബ്രുവരിയില്‍ 3. 8 ശതമാനം പേരെ മാത്രമാണ് അതിതീവ്ര വൈറസ് ബാധിച്ചതെങ്കില്‍ ഈ മാസം അത് 3.48 ആയി മാറി.

വൈറസ് വകഭേദം കണ്ടെത്തിയാലും ചികിത്സയിലോ വാക്സിൻ പ്രോട്ടോക്കോളിലോ മാറ്റം വരില്ല. പകരം സ്വയം പ്രതിരോധമാണ് ആവശ്യം. കേരളത്തില്‍ ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എൻ 440 കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു . പ്രതിരോധശേഷിയെ മറികടക്കാൻ കഴിവുള്ള തരം വൈറസാണിത് . ഇതുകൂടാതെ, കൊറോണ വൈറസ് വകഭേദങ്ങളായ K1,K2,K3 എന്നിവയുടെ സാന്നിധ്യവും ചില ജില്ലകളില്‍ സ്ഥിരീകരിച്ചിരുന്നു.