മോഡിയുടെ ഭരണം ഓക്സിജനും, ഇഞ്ചക്ഷനും വേണ്ടി കേഴുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റിയെന്ന് മുജീബ് കാടേരി.

മലപ്പുറം: ലോകത്തിൻ്റെ ശാസ്ത്രപുരോഗതിയിൽ മികച്ച സ്ഥാനമുണ്ടായിരുന്ന ഇന്ത്യക്ക് പട്ടിണി രാജ്യങ്ങളിൽ നിന്നു പോലും കേൾക്കാത്ത വിധത്തിലുള്ള ദൈന്യത സമ്മാനിച്ചത് രാജ്യം ഭരിക്കുന്ന മോഡി സർക്കാറിൻ്റെ നിരുത്തരവാദിത്വം മൂലമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും, നഗരസഭാ ചെയർമാനുമായ മുജീബ് കാടേരി പ്രസ്താവിച്ചു. മലപ്പുറത്ത് മുൻസിപ്പൽ യൂത്ത് ലീഗ് സംഘടിപ്പിച്ച വാക്സിൻ അതിജീവന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് ഉൽഭവം ചെയ്തുവെന്ന് ഗണിക്കപ്പെടുന്ന ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിരോധത്തിന് വേണ്ടി സ്വീകരിച്ച സമീപനങ്ങൾ മാതൃകയാണ്. കാലഹരണപ്പെട്ട ചിന്താഗതികളെ കോവിഡ് മഹാമാരിയെ തടയുന്നതിന്ന്‌ ഉപകാരപ്പെടുത്താമെന്ന് കരുതിയ ഭരണകൂടത്തിൻ്റെ മൗഢ്യ ബോധമാണ് ഈ ദുരന്തത്തിന് വഴിതെളിയിച്ചത്. കോവിഡിൻ്റെ രണ്ടാം വ്യാപനം സൃഷ്ടിക്കപ്പെടുമെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടും അതിനെ ഗൗരവമായി കാണുകയോ, ഫലപ്രദമായ മുൻകരുതൽ നടപടികളോ സ്വീകരിക്കാൻ ഭരണകർത്താക്കൾ തയ്യാറായില്ല.