വികസന പദ്ധതികളില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്ന് എം.എല്‍.എ.മാർ

വികസന പദ്ധതികളില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എ.മാര്‍ നിര്‍ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.ഒ.സാദിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ രാജ്യസഭ എം.പി. പി.പി.സുനീര്‍, എം.എല്‍.എ.മാരായ അഡ്വ.എം.റഹ്‌മത്തുല്ല. പി.കെ.നവാസ്, ടി.വി.ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാക്കുന്നതിലും അപകടസാധ്യതകള്‍ പരിശോധിക്കുന്നതിലും അടിയന്തര നടപടികള്‍ വേണമെന്ന് രാജ്യസഭ എം.പി. പി.പി.സുനീര്‍ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. സര്‍വീസ് റോഡുകളില്ലാത്ത സ്ഥലങ്ങള്‍ ജില്ലയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് എം.പി.പറഞ്ഞു. മലപ്പുറം ജില്ലയില്‍ ദേശീയപാത പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടെങ്കിലും കാലടി, എടരിക്കോട് എന്നിവിടങ്ങളില്‍ നിലവിലെ പ്രോജക്ടില്‍ സര്‍വീസ് റോഡുകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഇവ പുതുതായി അനുമതി ലഭിച്ച ശേഷമേ നിര്‍മിക്കാന്‍ കഴിയൂ എന്നും എന്‍.എച്ച്.എ.ഐ.പ്രതിനിധി പറഞ്ഞു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കാരണങ്ങളാലല്ല അപകടങ്ങള്‍ ഉണ്ടായതെന്നും സോയില്‍ നെയ്ലിംഗ് പ്രവൃത്തികള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയിലെ കിഫ്ബി പ്രവൃത്തികളുടെ വിശദാംശങ്ങള്‍ അടുത്ത ജില്ലാ വികസന സമിതി യോഗത്തിന് മുന്‍പായി എല്ലാ വകുപ്പുകളില്‍ നിന്നും ശേഖരിച്ച് ജില്ലാ പ്ലാനിങ് ഓഫീസര്‍ക്ക് നല്‍കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. കൂടാതെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടിവെള്ള കണക്ഷന്‍ ലഭിച്ചിട്ടും വെള്ളം എത്താതെ ബില്‍ മാത്രം വരുന്ന പരാതിയും കണ്‍സ്യൂമര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും പരിശോധിക്കാനും എം.പി. യുടെ നിര്‍ദേശത്തെ തുടര്‍ന്ന് യോഗത്തില്‍ തീരുമാനമായി.
മഞ്ചേരി മെഡിക്കല്‍ കോളേജിലെ എം.ആര്‍.ഐ.യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി കണക്ഷന്‍ വൈകുന്ന വിഷയം അഡ്വ.എം.റഹ്‌മത്തുല്ല എം.എല്‍.എ. യോഗത്തില്‍ ഉന്നയിച്ചു. അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി 43.12 ലക്ഷം രൂപയും കുടിശ്ശിക ഇനത്തില്‍ 25 ലക്ഷം രൂപയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തുക അടച്ചിട്ടും ഓരോ ഘട്ടത്തിലും പുതിയ കുടിശ്ശിക കണക്കുകള്‍ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും തുക നല്‍കാനുണ്ടെങ്കില്‍ അത് മുന്‍കൂട്ടി കൃത്യമായി അറിയിക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി എം.ആര്‍.ഐ. യൂണിറ്റ് പ്രവര്‍ത്തനക്ഷമമാകാത്തത് പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും എം.എല്‍.എ.ചൂണ്ടിക്കാട്ടി. കൂടാതെ, മഞ്ചേരിയില്‍ നാര്‍ക്കോട്ടിക് കോടതി അനുവദിച്ചതുമായി ബന്ധപ്പെട്ട് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ബില്‍ഡിംഗ്‌സ് വിഭാഗം നല്‍കേണ്ട റിപ്പോര്‍ട്ട് വൈകിയതും എം.എല്‍.എ.ഉന്നയിച്ചു. 2025-26 ബജറ്റില്‍ മഞ്ചേരി മണ്ഡലത്തിലെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് ലാപ്‌സാകാതിരിക്കാന്‍ അടിയന്തരമായി എസ്റ്റിമേറ്റ് സമര്‍പ്പിക്കണമെന്ന് എം.എല്‍.എ. നിര്‍ദ്ദേശിച്ചു.

തീരദേശ പാത (കെ.ആര്‍.എഫ്.ബി) നിര്‍മാണവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റിയ വീടുകളുടെ രേഖകളും നഷ്ടപരിഹാരവും, ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം, അഞ്ചുടി കുണ്ടുങ്ങല്‍ പാലം ഭൂമി ഏറ്റെടുക്കല്‍, താനൂര്‍ ഗവണ്‍മെന്റ് കോളേജ് റോഡ് സ്ഥലം ഏറ്റെടുക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പി.കെ. നവാസ് എം.എല്‍.എ. ഉന്നയിച്ചു. തീരദേശ പാതയുമായി ബന്ധപ്പെട്ട് അഞ്ച് വീടുകള്‍ പൊളിച്ചുമാറ്റിയതായി വാദമുണ്ടെങ്കിലും നിലവില്‍ നാല് വീടുകളുടെ രേഖകളാണ് ലഭ്യമായിട്ടുള്ളതെന്നും, അഞ്ചാമത്തെ വീടിന്റെ രേഖകളും വസ്തുതകളും കെ.ആര്‍.എഫ്.ബി.റിപ്പോര്‍ട്ടിലൂടെയും സംയുക്ത പരിശോധന വഴിയും വ്യക്തത വരുത്തണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. പൊളിച്ചുമാറ്റിയവരില്‍ ഭൂരിഭാഗവും പുറമ്പോക്ക് ഭൂമിയിലുള്ളവരാണെങ്കിലും പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനും ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും കൃത്യമായ പഠനവും റിപ്പോര്‍ട്ടും അനിവാര്യമാണെന്ന് എം.എല്‍.എ. പറഞ്ഞു. താനൂര്‍ സി.എച്ച്.സി.താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഡയാലിസിസ് സെന്ററിന്റെ തുടര്‍നടത്തിപ്പിനും റിക്കറിംഗ് ചെലവുകള്‍ക്കും പ്രോജക്ട് രൂപീകരിക്കുകയോ നഗരസഭ/തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയോ ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രായോഗിക പരിഹാരങ്ങള്‍ പരിശോധിക്കണമെന്നും, രോഗികളില്‍ നിന്ന് ഭാരമേറിയ ചെലവുകള്‍ ഈടാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും എം.എല്‍.എ. ജില്ലാ മെഡിക്കല്‍ ഓഫീസറോട് നിര്‍ദേശിച്ചു. കൂടാതെ, സി.എച്ച്.സി.യിലെ ലേബര്‍ റൂം/ ഫീമെയില്‍ വാര്‍ഡ് ഭാഗത്തെ ജോലികള്‍ (ഏകദേശം 3 ലക്ഷം രൂപയുടെ പ്രവൃത്തി) വേഗത്തില്‍ ആരംഭിക്കാനും നിര്‍ദ്ദേശിച്ചു. ഉണ്ണിയാല്‍ പാലം നിര്‍മാണത്തിന് തടസ്സമായ കെ.എസ്.ഇ.ബി. ഭൂഗര്‍ഭ കേബിള്‍ മാറ്റുന്നതിന് നടപടിയെടുത്ത കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പുകളെ എം.എല്‍.എ.യോഗത്തില്‍ അഭിനന്ദിച്ചു. അഞ്ചുടി കുണ്ടുങ്ങല്‍ പാലം പദ്ധതിയുമായി ബന്ധപ്പെട്ട് 26 ഭൂവുടമകളുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളില്‍, ബില്ലിംഗും നിരക്ക് നിശ്ചയിക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കി കോടതിയില്‍ തുക കെട്ടിവെച്ച് നടപടികള്‍ വേഗത്തിലാക്കാന്‍ എം.എല്‍.എ. നിര്‍ദേശിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് മുന്‍പ് എടുത്ത സമാധാന തീരുമാനങ്ങള്‍ പാലിച്ച് പുതിയ കേസുകള്‍ ഒഴിവാക്കി സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനും എം.എല്‍.എ. ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡ് പ്രവൃത്തികളുടെ രണ്ടാംഘട്ട സ്ഥിതി, കോഹിനൂര്‍ എലിവേറ്റഡ് ഹൈവേ എസ്റ്റിമേറ്റിന്റെ ടെന്‍ഡര്‍ നടപടികള്‍, റണ്‍വേയുമായി ബന്ധപ്പെട്ട ക്രോസ് റോഡ് അലൈന്‍മെന്റ് എന്നിവ വേഗത്തിലാക്കാന്‍ ടി.വി.ഇബ്രാഹിം എം.എല്‍.എ നിര്‍ദ്ദേശിച്ചു. സ്ട്രക്ചറല്‍ ഡിസൈനും എസ്റ്റിമേറ്റും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും വിമാനത്താവള പരിസരത്തെയും മണ്ഡലത്തിലെയും ഡ്രെയിനേജ് നിര്‍മ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കി വേഗത്തില്‍ സമര്‍പ്പിക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. ജല്‍ജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് റോഡുകള്‍ പൊളിക്കുമ്പോള്‍ അവ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എല്‍.എസ്.ജി.ഡി. പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം കൃത്യമായ ഏകോപനവും ഫണ്ട് വിനിയോഗവും ഉറപ്പാക്കണമെന്നും വ്യക്തമാക്കി.
കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭാഗത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ച എം.എല്‍.എ, ജില്ലയില്‍ എ.ബി.സി സെന്റര്‍ നിലവിലില്ലാത്ത സാഹചര്യവും ഉന്നയിച്ചു. താത്ക്കാലികമായെങ്കിലും പോര്‍ട്ടബിള്‍ എ.ബി.സി സംവിധാനം ഒരുക്കുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. മൂന്നിയൂര്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഷിഗല്ല കേസ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ വിലയിരുത്തി.
കഴിഞ്ഞ മൂന്നു മാസങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും വികസന സമിതി യോഗത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.വിജയകുമാര്‍, മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായ സെക്രട്ടറി കെ. അബ്ദുള്‍ ഷുക്കൂര്‍ (കാളികാവ് ഗ്രാമപഞ്ചായത്ത്), എം. രാകേഷ് മോഹന്‍ (കോഡൂര്‍ ഗ്രാമപഞ്ചായത്ത്), പി.ശാന്തി (കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത്), മികച്ച വില്ലേജ് ഓഫീസര്‍മാരായ എ.നജീബ് (മേലാറ്റൂര്‍), പി. കെ. നുസ്രത്ത് (മലപ്പുറം), ടി.എസ്. ശ്രീഷ (വഴിക്കടവ്), ടി.വി. പ്രസാദ് (നെടിയിരുപ്പ്), എം.കെ. കബീര്‍ (നന്നംമുക്ക്), കെ. ദേവദാസ് (കാട്ടിപ്പരുത്തി), വി. ശ്രീജ (വള്ളിക്കുന്ന്) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
ശുചിത്വ മിഷന്‍, എല്‍.എസ്.ജി.ഡി. എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ ശുചിത്വ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ലോഗോ ജില്ലാ വികസന സമിതി യോഗത്തില്‍ പ്രകാശനം ചെയ്തു. അടഞ്ഞുകിടക്കുന്ന ശൗചാലയങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനക്ഷമമാക്കല്‍, സ്‌കൂള്‍ ശൗചാലയങ്ങളുടെ ശുചീകരണം, സി.എച്ച്.സികളുടെ അറ്റകുറ്റപ്പണികള്‍, ചെറിയ അറ്റകുറ്റപ്പണി ആവശ്യമുള്ള ഇടങ്ങള്‍ കണ്ടെത്തി കൃത്യമായ പരിപാലനം ഉറപ്പാക്കല്‍, ശൗചാലയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികള്‍ എന്നിവ തുടര്‍ ദിവസങ്ങളില്‍ സംഘടിപ്പിക്കും. ജില്ലാ വികസന സമിതി യോഗത്തില്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍, ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ എന്‍.കെ. മുഹമ്മദ് അന്‍സല്‍ ബാബു, മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ എന്നിവരുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
*ഇ-മാലിന്യ മുക്ത ജില്ല ലക്ഷ്യമാക്കി വിപുലമായ പദ്ധതി; ഫെബ്രുവരി ഒന്നിന് പ്രത്യേക പ്രഖ്യാപനം*
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള ഇ-മാലിന്യങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി വിപുലമായ പദ്ധതിക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപം നല്‍കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയെ ഇ-മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഇ-മാലിന്യം വിലയിരുത്തുന്നതിനായി കത്തുകള്‍ അയക്കുകയും വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഗൂഗിള്‍ ഫോം കൈമാറുകയും ചെയ്തിട്ടുണ്ട്. വിലയിരുത്തലും സര്‍ട്ടിഫിക്കേഷനും പൂര്‍ത്തിയായാല്‍ ശേഖരണ ഘട്ടത്തിലേക്ക് കടക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ കളക്ഷന്‍ പോയിന്റുകള്‍ സജ്ജീകരിച്ച് സി.കെ.സി.എല്‍. മുഖേനയും വീടുകളില്‍ നിന്ന് ഹരിതകര്‍മ സേന മുഖേനയുമായിരിക്കും ഇ-മാലിന്യം ശേഖരിക്കുക. തുടര്‍ന്ന് ബ്ലോക്ക് തലത്തില്‍ പരിശോധന ടീമുകള്‍ രൂപീകരിച്ച് എല്ലാ ഓഫീസുകളും നടപടികള്‍ പൂര്‍ത്തിയാക്കിയോ എന്ന് പരിശോധിക്കുകയും എന്തെങ്കിലും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ജനുവരി 30-നകം അടിയന്തരമായി ശേഖരിച്ച് സംസ്‌കരിക്കുകയും ചെയ്യും. ഓഫീസിലെ ഇ-മാലിന്യം പൂര്‍ണ്ണമായി നീക്കം ചെയ്തതായി സ്ഥാപനങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തല്‍ നടത്തണം. ജനുവരി 30, 31 തീയതികളോടെ നടപടികള്‍ പൂര്‍ത്തിയാക്കി, ഫെബ്രുവരി ഒന്നിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും ജില്ലാ കളക്ടറും ചേര്‍ന്ന് ജില്ലയെ ഇ-മാലിന്യ മുക്തമായി പ്രഖ്യാപിക്കും.
