രേ‍ാഗികളെ കിടത്തി ചികിത്സിക്കാൻ  4000 ലധികം കേ‍ാച്ചുകൾ ഐസലേഷൻ വാർഡുകളാക്കി മാറ്റി റെയിൽവേയും

വിവിധ ആവശ്യങ്ങൾക്ക് വൈദ്യുതി ഉപയേ‍ാഗിക്കാൻ പവർസേ‍ാക്കറ്റുകളും ഒ‍ാക്സിജൻ സിലിണ്ടർ സ്ഥാപിക്കാനുള്ള സംവിധാനവും ഉണ്ടാകും.

പാലക്കാട്: കേരളമടക്കം മിക്ക സംസ്ഥാനങ്ങളിലും കേ‍ാവിഡ് വ്യാപനം ഗുരുതരമായതിനെ തുടർന്ന് രേ‍ാഗികളെ കിടത്തി ചികിത്സിക്കാൻ  4000 ലധികം കേ‍ാച്ചുകൾ ഐസലേഷൻ വാർഡുകളാക്കി മാറ്റി റെയിൽവേയും രംഗത്ത്. ആശുപത്രികളിൽ കിടക്കയും അനുബന്ധ സൗകര്യങ്ങളുമില്ലാതെ രേ‍ാഗികൾ മരിക്കുകയും ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ അടിയന്തര നടപടി. യുദ്ധകാല അടിസ്ഥാനത്തിലാണ് നടപടി പൂർത്തിയാക്കുന്നത്.

സംസ്ഥാന സർക്കാരുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി, വിവിധ വർക്‌ഷോപ്പുകൾ തുടങ്ങി മുഴുവൻ സ്ഥാപനങ്ങളും ഐസലേഷൻ വാർഡ് നിർമാണത്തിൽ സജീവമാവുകയും ചെയ്തു. രേ‍ാഗവ്യാപനം കുറഞ്ഞതേ‍ാടെ ഐസലേഷൻ വാർഡുകളാക്കി മാറ്റിയ കേ‍ാച്ചുകളിൽ പലതും സാധാരണ രീതിയിലേക്കു മാറ്റി സർവീസിന് ഉപയേ‍ാഗിച്ചെങ്കിലും കരുതലായി കുറച്ചെണ്ണം സൂക്ഷിച്ചിരുന്നു.

ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഡിവിഷനുകളിൽ കഴിഞ്ഞ വർഷം നിർമിച്ച 299 ഐസലേഷൻ വാർഡുകൾ നിലവിലുണ്ട്. കൂടാതെയാണ് പുതിയവ നിർമിക്കാനുള്ള തീരുമാനം. ഒരു കേ‍ാച്ചിൽ 16 കിടക്കകൾ എന്ന തേ‍ാതിലാണ് ഒരുക്കുന്നത്. മൂന്ന് ശുചിമുറിയിൽ ഒരെണ്ണം വെസ്റ്റേൺ രീതിയിലും രണ്ടെണ്ണം ഇന്ത്യനുമാണ്. ബക്കറ്റ്, കപ്പ്, മറ്റു അവശ്യ വസ്തുക്കളും ഇവിടെയുണ്ടാകും, കൂടാതെ കോച്ചുകൾക്കിടയിൽ ജൈവശുചിമുറിയും സ്ഥാപിക്കുന്നുണ്ട്.

വിവിധ ആവശ്യങ്ങൾക്ക് വൈദ്യുതി ഉപയേ‍ാഗിക്കാൻ പവർസേ‍ാക്കറ്റുകളും ഒ‍ാക്സിജൻ സിലിണ്ടർ സ്ഥാപിക്കാനുള്ള സംവിധാനവും ഉണ്ടാകും. ഐവി ഫ്ലൂയിഡ് ബേ‍ാട്ടിൽ ഉൾപ്പെടെ രേ‍ാഗിയുടെ ആരേ‍ാഗ്യനില അനുസരിച്ച് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിക്കാനുള്ള സൗകര്യവും കേ‍ാച്ചിലുണ്ടാകും.

 

അതതു സംസ്ഥാനങ്ങളിലെ കാലാവസ്ഥയ്ക്ക് യേ‍ാജിച്ച വിധത്തിലുളള വിരിപ്പും പുതപ്പും നൽകണമെന്നാണ് റെയിൽവേ ബേ‍ാർഡിന്റെ നിർദേശം.

 

ഇത്തരം സംവിധാനത്തേ‍ാടു കൂടിയ 64,000 കേ‍ാവിഡ് ചികിത്സാ ബെഡുകൾ വിവിധ സ്റ്റേഷനുകളിലായി ഉപയേ‍ാഗിക്കാൻ തക്കവിധത്തിൽ തയാറാക്കുമെന്ന് അധികൃതർ പറഞ്ഞു. ഡൽഹിയിൽ ഇതിനകം 1000 ബെഡുകൾ കെ‍ാടുത്തുകഴിഞ്ഞു. എന്നാൽ 5000 കിടക്കകൾ കൂടി വേണ്ടിവരുമെന്നാണ് ഡൽഹി ആരേ‍ാഗ്യവകുപ്പിന്റെയും റെയിൽവേയുടെയും വിലയിരുത്തൽ. മഹാരാഷ്ട്രയിൽ 28 കേ‍ാച്ചുകളിലായി 100ലധികം രേ‍ാഗികൾ ചികിത്സയിലുണ്ട്. ഭേ‍ാപ്പാലിൽ 50, പഞ്ചാബിൽ 40 കേ‍ാച്ചുകളും ചികിത്സാ കേന്ദ്രമാക്കി ഉപയേ‍ാഗിച്ചു തുടങ്ങി.

ഐസലേഷൻ വാർഡുകളിൽ ചികിത്സയിലുളള രേ‍ാഗികൾക്ക് ഭക്ഷണം എത്തിക്കാനും കേ‍ാച്ചുകൾ അണുമുക്തമാക്കാനും റെയിൽവേതന്നെ നടപടി സ്വീകരിക്കും. അതേസമയം, കോച്ചുകളുടെ ശുചിത്വം അടക്കമുളള പരിപാലനം സംസ്ഥാന സർക്കാരിന്റെ സഹായത്തേ‍ാടെയാണ് ചെയ്യുക. ജില്ലാ ആരേ‍ാഗ്യ അധികൃതർക്കാണ് ഒ‍ാക്സിജൻ സിലിണ്ടർ എത്തിക്കേണ്ട ഉത്തരവാദിത്തം.

മാലിന്യ സംസ്കരണം, ആവശ്യമായ ഡേ‍ാക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെ നിയമിക്കലും ജില്ലാഭരണകൂടം ചെയ്യണം.  കേ‍ാവിഡ് കേന്ദ്രങ്ങളിൽ റഫർ ചെയ്യുന്നവരെയാണ് പ്രധാനമായും റെയിൽവേ ഐസലേഷൻ വാർഡുകളിൽ പ്രവേശിപ്പിക്കുന്നത്