കോഴിക്കോട് നഗരത്തിലേക്ക് അത്യാവശ്യ കാർക്ക് മാത്രം പ്രവേശനം
കോഴിക്കോട്: കോവിഡ് അതിവ്യാപനത്തെ തുടർന്ന് ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി. അനാവശ്യമായി ആളുകൾ നഗത്തിൽ പ്രവേശിക്കുന്നതിനുൾപ്പെടെ പൊലീസ് വിലക്കേർപ്പെടുത്തി. അവശ്യകാര്യങ്ങൾക്കല്ലാതെ നഗരത്തിലെത്തുന്നവർക്കെതിരെ കേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും. ഇതിനായി നഗരത്തിലേക്കുള്ള എല്ലാ അതിർത്തികളിലും പൊലീസ് പിക്കറ്റുകൾ ഏർപ്പെടുത്തി.
നിലവിലെ പട്രോളിങ് വാഹനങ്ങൾക്കുപുറമെ ബൈക്കുകളിലും പൊലീസ് റോന്ത് ചുറ്റി നടപടി സ്വീകരിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നഗരപരിധിയിൽ മാത്രം ആയിരത്തിലേറെ പേർക്കാണ് പിഴ ചുമത്തുന്നത്. മാത്രമല്ല ഓരോ സ്‌റ്റേഷന്‍ പരിധിയിൽ രണ്ടിടത്ത് ബാരിക്കേഡ് ഇട്ട് വേറെയും പരിശോധന നടത്തുന്നുണ്ട്. കടകള്‍ക്ക് മുമ്പില്‍ നില്‍ക്കാനുള്ള ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയില്ലെങ്കില്‍ കേസെടുക്കാനും ഡി.സി.പി എം. ഹേമലത പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്.
അത്യാവശ്യക്കാർക്കും ജോലിക്ക് വരുന്നവർക്കു മാത്രമാണ് കോഴിക്കോട് ടൗണിലേക്ക് പ്രവേശനം അനുവദിക്കൂ. 25 തദ്ദേശ സ്ഥാപനങ്ങളിലെ 55 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ല കലക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. 40 തദ്ദേശ സ്ഥാപനങ്ങളിലെ 94 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി ഉത്തരവിറക്കുകയും ചെയ്തു.