എക്‌മോയിലൂടെ കോവിഡ് രോഗിക്ക് പുതുജീവന്‍; ആസ്റ്റര്‍ മിംസിന് നിര്‍ണ്ണായക നേട്ടം.

കോഴിക്കോട് : കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 44 വയസ്സുകാരന്റെ ജീവന്‍ എക്‌മോ ഉപയോഗിച്ച് തിരിച്ച് പിടിക്കാന്‍ സാധിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലാണ് കേരളത്തിലാദ്യമായി എക്‌മോ ഉപയോഗിച്ച് കോവിഡ് രോഗിയുടെ ജീവന്‍ രക്ഷപ്പെടുത്തിയത്.

 

കോവിഡ് ബാധിതനാവുകയും ന്യുമോണിയയിലേക്ക് മാറ്റപ്പെട്ട് അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത ശേഷമാണ് കണ്ണൂര്‍ സ്വദേശിയായ സന്തോഷ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ എത്തിയത്. നേരിട്ടും, കമഴ്ത്തിക്കിടത്തിയും വെന്റിലേറ്റര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയോട് കാര്യങ്ങള്‍ സംസാരിക്കുകയും എക്‌മോയുടെ സാധ്യത പങ്കുവെക്കുകയും ചെയ്തു. നഴ്‌സുകൂടിയായ അവരുടെ സമ്മത പ്രകാരമാണ് സന്തോഷിനെ എക്‌മോയില്‍ പ്രവേശിപ്പിച്ചത്.

ശ്വാസകോശത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ കൃത്രിമമായ മാര്‍ഗ്ഗത്തിലേക്ക് മാറ്റി സ്ഥാപിച്ച ശേഷം (എക്‌മോ മെഷിന്‍) ന്യുമോണിയ ബാധ ചെറുക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. 21 ദിവസം നീണ്ടുനിന്ന പ്രയത്‌നത്തിനൊടുവിലാണ് സന്തോഷിന്റെ ജീവന്‍ തിരിച്ച് പിടിക്കാന്‍ സാധിച്ചത്. ഈ സമയമത്രയും ശ്വാസകോശത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിച്ചത് എക്‌മോ മെഷിന്‍ ആയിരുന്നു. മരണമുഖത്ത് നിന്ന് അവിശ്വസനീയമായ തിരിച്ച് വരവിനാണ് ഇതോടെ സാക്ഷ്യം വഹിച്ചത്. സന്തോഷിന്റെ ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചതിന് ശേഷം മൂന്ന് പേര്‍ കൂടി എക്‌മോ മെഷിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

‘നേരത്തെ എക്‌മോ മെഷിന്‍ കേരളത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും കോവിഡ് ബാധിച്ച വ്യക്തിയില്‍ വിജയകരമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചത് ആദ്യ സംഭവമാണ്. പ്രായം കുറഞ്ഞവരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഇത് നിര്‍ണ്ണായക സഹായമായി മാറും’ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. മഹേഷ് ബി. എസ്. പറഞ്ഞു. ഡോ. അനില്‍ ജോസിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗവും, ഗിരീഷ് എച്ചിന്റെ നേതൃത്വത്തിലുള്ള പെര്‍ഫ്യൂഷനിസ്റ്റ് ടീമും വിജയതത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.