വോട്ടെണ്ണല്‍ എട്ടു മണിക്കു തുടങ്ങും; ആദ്യ ഫല സൂചനകള്‍ ഒന്‍പതു മണിയോടെ: നടപടി ക്രമങ്ങള്‍ ഇങ്ങനെ

​നാളെ (ഞായറാഴ്ച) കേരളം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയാണ്വാനോളം പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. അതുപോലെ തന്നെ വിവരങ്ങളിറായാനുള്ള ആകാംക്ഷ ആകാശത്തോളമുണ്ട് പൊതു ജനങ്ങല്‍ക്കും. ‍എന്നാൽ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ നടപടി ക്രമങ്ങള്‍ ഇങ്ങനെയാണ്.

രാവിലെ അഞ്ചുമണിക്ക് റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാക്കി ഓരോ ടേബിളിലേക്കുമുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കും. വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ആറിന് കൗണ്ടിംഗ് സെന്ററില്‍ എത്തും. ഉദ്യോഗസ്ഥരുടെ ഹാജര്‍നില ഉറപ്പാക്കി ഓരോ ജോലിക്കുമായി റാെൈന്‍ഡമെസേഷന്‍ നടത്തും. എട്ടു മണിക്ക് ടേബിളുകളില്‍ എത്തിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തുറക്കും. 500 എണ്ണത്തിന്റെ ഓരോ കെട്ടായി തിരിച്ചാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക.

പോസ്റ്റല്‍ വോട്ട് എണ്ണിയശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വരണാധികാരി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂം തുറക്കും. കണ്‍ട്രോള്‍ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസേഴ്‌സ് ഡയറിയായ 17 സി ഫോമും വോട്ടെണ്ണല്‍ ടേബിളില്‍ എത്തിക്കും. ഇവ സീല്‍ ചെയ്തതു തന്നെയാണെന്ന് കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഉറപ്പു വരുത്തും.

കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആകെ വോട്ടുകളുടെ എണ്ണമാണ് ആദ്യം പരിശോധിക്കുക. ഇത് 17 സി ഫോമില്‍ രേഖപ്പെടുത്തിയതു തന്നെയാണെന്ന് ഉറപ്പു വരുത്തും. ഇതിനു ശേഷമാണ് ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന വോട്ടുകള്‍ പരിശോധിക്കുക.

സൂപ്പര്‍വൈസര്‍മാര്‍ ഫോമിന്റെ രണ്ടാം പാര്‍ട്ടില്‍ എഴുതിച്ചേര്‍ക്കും. മൈക്രോ ഒബ്‌സര്‍വര്‍മാരുടെയും കൗണ്ടിംഗ് ഏജന്റിന്റെയും സാന്നിധ്യം ഉണ്ടാകും. ഫോമില്‍ കൗണ്ടിംഗ് ഏജന്റുമാര്‍ സാക്ഷിയായി ഒപ്പു ചേര്‍ക്കും. ഇതിന്റെ കോപ്പി വരണാധികാരിക്ക് കൈമാറും.

ഒരു റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ വരണാധികാരി ആ റൗണ്ടിലെ ഫലം പ്രഖ്യാപിക്കും. ഓരോ ടേബിളിലും ഓരോ കണ്‍ട്രോള്‍ യൂണിറ്റും പരിശോധിച്ചു കഴിയുമ്പോഴാണ് ഒരു റൗണ്ട് പൂര്‍ത്തിയാകുന്നത്. മുഴുവന്‍ റൗണ്ടും പൂര്‍ത്തിയായി കഴിയുമ്പോള്‍ റാന്‍ഡമൈസ് ചെയ്‌തെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വി.വി പാറ്റുകളും എണ്ണും. പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണവും പൂര്‍ത്തിയായി കഴിയുമ്പോള്‍ വരണാധികാരി വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറും.