പ്രവര്‍ത്തകരുടെ വികാരത്തെ ഉള്‍ക്കൊള്ളുന്നു; അത് കുറ്റപ്പെടുത്തലാവരുതെന്ന് മുനവ്വറലി തങ്ങള്‍

തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് നേതാക്കളെ മാത്രം പഴിചാരുന്നത് ശരിയല്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ. തോൽവിയിൽ കൂട്ടുത്തരവാദിത്വമുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവർത്തകർ നടത്തുന്ന വികാര പ്രകടനത്തെ ഉൾക്കൊള്ളുന്നുവെന്നും എന്നാൽ അത് കുറ്റപ്പെടുത്തലാകരുതെന്നും മുനവ്വറലി ശിഹാബ് തങ്ങൾ മീഡിയവണിനോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം മുസ്‍ലിം ലീഗ് നേതാക്കളുടെ ഫെയ്‍സ്‍ബുക്ക് പോസ്റ്റുകളില്‍ പ്രവര്‍ത്തകരുടെ രോഷപ്രകടനമാണ്. ഇതിനെതിരെ ഇന്നലെ മുനവ്വറലി തങ്ങള്‍ ഫെയ്സ് ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പ്രവര്‍ത്തകരുടെ വികാരത്തെ മാനിക്കുന്നു, അതൊരു രോഷപ്രകടനാണ്, വികാരമാണ്. പക്ഷേ ഏതെങ്കിലും നേതാക്കളെ ആക്രമിക്കുന്നതരത്തിലേക്ക് അത് മാറരുത്. കാരണം പരാജയത്തിന്‍റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിയെ ആക്രമിച്ച് അദ്ദേഹത്തിന് മാത്രമാണ് തോല്‍വിയുടെ ഉത്തരവാദിത്വം എന്ന് വരുത്തി തീര്‍ക്കരുത്. അത് ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഇതിന് മുമ്പും മുസ്‍ലിം ലീഗ് വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. 2006ല്‍ വലിയ പരാജയമാണ് മുസ്‍ലിം ലീഗിനുണ്ടായത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി മുസ്‍ലിം ലീഗ് തിരിച്ചുവരികയും ചെയ്തു. അതുപോലെ ഈ തെരഞ്ഞെടുപ്പിനേറ്റ പരാജയവും പഠിച്ച് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മുനവ്വറലി പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയുടെ ലോക്‍സഭാംഗത്തില്‍ നിന്നുള്ള രാജി തിരിച്ചടിയായെന്ന് തന്നെയാണ് പാര്‍ട്ടി വിലയിരുത്തുന്നത്. പക്ഷേ, കുഞ്ഞാലിക്കുട്ടിയുടെ രാജി പാര്‍ട്ടി കൂട്ടായിട്ട് എടുത്ത തീരുമാനമാണെന്നും മുനവ്വറലി തങ്ങള്‍ വിശദീകരിക്കുന്നു. എന്തായാലും പി കെ കുഞ്ഞാലിക്കുട്ടിയെന്ന നേതാവിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് പ്രവര്‍ത്തകരോടായി മുനവ്വറലി തങ്ങള്‍ വ്യക്തമാക്കുന്നത്.