വസ്ത്രവ്യാപാരികൾക്ക് നിയന്ത്രണത്തിൽ ഇളവും പ്രത്യേക പാക്കേജും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നജീബ് കാന്തപുരത്തിൻ്റെ കത്ത്

ഇന്ന് മുതൽ ആരംഭിച്ച ലോക്ഡൗണ് വലിയ തിരിച്ചടിയാണ് വ്യാപാരികൾക്ക് നൽകുന്നത്, പ്രത്യേകിച്ച് വസ്ത്രവ്യാപാരികൾക്ക്. നല്ല കച്ചവടം പ്രതീക്ഷിച്ച് ഉപഭോക്താക്കളെ കാത്തിരിക്കുമ്പോൾ വന്ന് ചേർന്ന അപ്രതീക്ഷിത ആഘാതത്തിൽ ഉലഞ്ഞിരിക്കുകയാണ് വസ്ത്രവ്യാപാരികൾ എന്നത് നാം കാണാതിരിന്നു കൂടാ. വൻ തുക വായ്പ വാങ്ങിയും ലോണെടുത്തും കച്ചവടത്തിന് സ്റ്റോക്ക് ഇറക്കിയിട്ടുണ്ട് നമ്മുടെ വ്യാപാരികൾ. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി പെരുന്നാൾ സീസൺ കച്ചവടം പ്രളയവും കൊറോണയും കാരണം വസ്ത്രവ്യാപരികൾക്ക് നഷ്ടമായിട്ടുണ്ട്. പ്രളയവും കൊറോണയും കൊണ്ടുപോയ രണ്ട് വർഷത്തെ നഷ്ടങ്ങൾ ഇക്കൊല്ലം നികത്താനാവുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് കോവിഡ് വന്ന് വീണ്ടും അവരുടെ ജീവിതങ്ങൾക്ക് മേൽ ഷട്ടറിടുന്നത്.

കോവിഡ് മഹാമാരിയാണ്. ജീവൻ കാക്കുക എന്നതിനാണ് പ്രഥമ പരിഗണന. ലോക്ഡൗണ് ആവശ്യവുമാണ്. എന്നാൽ അതോടൊപ്പം ഇരുളടഞ്ഞു പോകുന്ന ഈ ജീവിതങ്ങളെ കൂടി കാണാതെ പോകരുത്. ഒരു പൊതുനന്മയ്ക്ക് വേണ്ടിയാണ് വസ്ത്രവ്യാപാരികൾ ഈ ലോക്ഡൗണുമായി സഹകരിച്ചു കൊണ്ട് കച്ചവടം നിർത്തിവെക്കുന്നത്. ലക്ഷങ്ങൾ ലോണെടുത്തും കടം വാങ്ങിയും ഭീമമായ തുകയ്ക്ക് സ്റ്റോക്ക് ഇറക്കിയിട്ട് പൂട്ടിയിടേണ്ടി വരുമ്പോഴുണ്ടാവുന്ന പ്രതിസന്ധിയെ സർക്കാർ അഭിമുഖീകരിക്കാൻ തയ്യാറാവേണ്ടതുണ്ട്. മണ്ഡലത്തിലെ ജീവിതം വഴിമുട്ടിയ ചെറുകിട കച്ചവടക്കാരിൽ പലരും അവരുടെ അവസ്ഥ വിവരിച്ചു കൊണ്ട് എന്നെ ബന്ധപ്പെടുകയുണ്ടായി. അതിൻപ്രകാരം പ്രതിനിധിയെന്ന നിലയ്ക്ക് സർക്കാരിന് ഒരു നിവേദനം സമർപ്പിക്കുകയാണ്. ഇപ്പോൾ പ്രഖ്യാപിച്ച ലോക്ഡൗണിൽ കനത്ത നഷ്ടം നേരിടുന്ന ചെറുകിട വസ്ത്രവ്യാപരികൾക്ക് ഇടവിട്ട ദിവസങ്ങളിലെങ്കിലും നിയന്ത്രണങ്ങളോടെ സ്ഥാപനം തുറക്കാൻ അനുമതി നൽകുക, സീസൺ കച്ചവടം നഷ്ടമായ വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളുടെ വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട പ്രതിസന്ധി തീർക്കാൻ സർക്കാർ മുൻകൈയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി.

കോവിഡ് മാത്രമല്ല, അത് കാരണം രൂപപ്പെടുന്ന വിവിധ തരം ജീവൽപ്രതിസന്ധികളെ കൂടി ഒരു ജനതയെന്ന നിലയ്ക്ക് നമ്മൾ അഡ്രസ്സ് ചെയ്യേണ്ടതുണ്ട്. പരസ്പരം താങ്ങായി വീണുപോവാതിരിക്കാം… ഈ ദുരിതപർവ്വം നമുക്കൊന്നായി താണ്ടാം,നിശ്ചയം പുതിയ പുലരി നമ്മുടേതാണ്…