മുനിസിപ്പൽ പഞ്ചായത്ത്തലത്തിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആരംഭിക്കണം കുറുക്കോളി മൊയ്തീൻ

തിരൂർ: കോവിഡ് വ്യാപനം രൂക്ഷമാവുകയും,ക്വാറൻ്റൈനിൽ കഴിയുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മുനിസിപ്പൽ, പഞ്ചായത്ത്തലങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആരംഭിക്കണമെന്ന് നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ സർക്കാരിനോടാവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് വീടുകളിൽ ക്വാറൻ്റൈനിൽ കഴിയുന്നവരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ആവശ്യമായ പരിശോധനകളും, അന്യേഷണങ്ങളും ആവശ്യമാണ്. വീടുകളിൽ കഴിയുന്ന നിരവധി രോഗികൾ മരിക്കാനിടവന്നിട്ടുണ്ട്. പ്രയാസകരമായ അവസ്ഥയിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില പരിശോധിക്കുന്നതിന് ഡോക്ടറും, നേഴ്സും, അത്യാവശ്യ മെഡിസിനുകളും അടങ്ങുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ മുനിസിപ്പൽ, പഞ്ചായത്ത്തലങ്ങളിൽ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. സർക്കാർ അതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ ആവശ്യപ്പെട്ടു.സംസ്ഥാന തലത്തിൽ തന്നെ നിരവധി രോഗികളാണ് ക്വാറൻ്റൈനിൽ കഴിയുന്നത്. ആസ്പത്രികൾ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത തരത്തിൽ നിറഞ്ഞിരിക്കയാണ്.കൂടാതെ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത രീതിയിലാണ് പല ആസ്പത്രികളും ഉള്ളത്. അതിനാൽ ക്വാറൻ്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ സുരക്ഷിതത്വവും, ആരോഗ്യ പരിശോധനകൾ നടത്താനുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം അവരെ ആസ്പത്രികളിൽ പ്രവേശിപ്പിക്കാനുള്ള സൗകര്യങ്ങളുണ്ടായിരിക്കണം.ആസ്പത്രിയിൽ പ്രവേശിപ്പിക്കാത്തവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ സർക്കാർ തയ്യാറാകണമെന്നും കുറുക്കോളി ആവശ്യപ്പെട്ടു.