ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം

നിലമ്പൂർ ചുങ്കത്തറ കൈപനിയിൽ താൽക്കാലിക പാലം ഒലിച്ചുപോയി.

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം. കണ്ണൂർ തീരത്തുനിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങും. കേരളത്തിലെ വടക്കൻ ജില്ലകളിൽ വരുന്ന മണിക്കൂറിൽ കാറ്റും മഴയും ഇനിയും ശക്തിപ്പെടുമെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുള്ളത്.

 

കേരളത്തിലുടനീളം കനത്ത മഴയും ശക്തമായ കാറ്റും വലിയ നാശനഷ്ടങ്ങളുമാണ് റിപ്പോർട്ട് ചെയ്യുന്നത് . തീരദേശങ്ങളിൽ അതിശക്തമായ കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. കാസർകോട് രാവിലെ മുതൽ കനത്ത മഴയാണ്. ചേരങ്കൈ കടപ്പുറം ഭാഗത്ത് വീടുകളിലേക്ക് കടൽ വെള്ളം കയറി. മുസോടി തീരത്ത് വീടുകൾ നിലംപൊത്തി പാലക്കാട് ഒഴികെ 5 വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ്കണ്ണൂരിന്റെ മലയോര മേഖലയിലടക്കം കാറ്റും മഴയും കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളടക്കം സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ മഴ തുടരുകയാണ്. കടലാക്രമണം ശക്തമായതോടെ കടലുണ്ടി, കൊയിലാണ്ടി, ബേപ്പൂർ തുടങ്ങിയ മേഖലകളിൽ നിന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. എൻഡിആര്‍എഫ് സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മലപ്പുറം നിലമ്പൂർ ചുങ്കത്തറ കൈപനിയിൽ താൽക്കാലിക പാലം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തിൽ പാലം തകർന്നതിനെത്തുടർന്ന് താൽക്കാലികമ‌ായി നിർമിച്ച പാലം ആണ് ഒലിച്ച് പോയത്.

തീരദേശ മേഖലയിലാകെ കനത്ത കാറ്റും മഴയും കടഷക്ഷോഭവും ദുരിതം വിതയ്ക്കുകയാണ്. ചാവക്കാടും കൊടുങ്ങല്ലൂരും തീരദേശ മേഖലയിൽ സ്ഥിതി ഗുരുതരമാണ്. നിരവധി പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി.ചെല്ലാനത്തും കടൽക്ഷോഭം രൂക്ഷമായിവീടുകളിലേക്ക് വീണ്ടു വെള്ളം കയറി തുടങ്ങി. ദുരന്ത നിവാരണ സേനയും പൊലീസും കമ്പനിപ്പടി, ബസാർ മേഖലകളിൽ ക്യാമ്പ് ചെയ്യുകയാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായ പ്രദേശങ്ങളായത് കൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിനും വലിയ വെല്ലുവിളി നേരിടുന്നുണ്ട്. തിരുവനന്തപുരം വലിയതുറ കടൽ പാലത്തിൽ വിള്ളൽ കണ്ടതിനെ തുടര്‍ന്ന് അടച്ച് പൂട്ടി. എറണാകുളം പളളുരുത്തിയില്‍ 24 മണിക്കൂറിനിടെ 208 മില്ലിമീറ്റർ അതിതീവ്ര മഴയാണ് പെയ്തത്.

 

കാലവർഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, പ്രത്യേക എമർജൻസി നമ്പറായ 9496010101 ലോ അറിയിക്കേണ്ടതാണെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.