ശക്തിയാര്‍ജ്ജിച്ച് മഴയും കാറ്റും: മലപ്പുറം ജില്ലയില്‍ ഓറഞ്ച് ജാഗ്രത
ചുഴലിക്കാറ്റിന്റെ സ്വാധീനം അടുത്ത 24 മണിക്കൂറില്‍ ശക്തമായിരിക്കും. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്.
അതിതീവ്ര മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഞായറാഴ്ച (മെയ് 16) ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ജില്ലയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്ന പശ്ചാത്തലത്തിലാണിത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ അതി ശക്തമായ മഴക്കും കാറ്റിനുമാണ് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പു നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴയുണാകാനാണ് സാധ്യത.
ചുഴലിക്കാറ്റിന്റെ സ്വാധീനം അടുത്ത 24 മണിക്കൂറില്‍ ശക്തമായിരിക്കും. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. അപകട സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുത്. തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മലയോര പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണം.