ബേപ്പൂരിൽ നിന്നും പോയ ബോട്ട് മംഗലാപുരത്ത് കണ്ടെത്തി
കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ‘അജ്മീര്‍ ഷാ’ എന്ന ബോട്ട് കണ്ടെത്തി. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണ്. ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. ബേപ്പൂര്‍ എം.എല്‍.എ പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.
മെയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട അജ്മീര്‍ ഷാ എന്ന ബോട്ടിനെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നില്ല. 15പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ ബോട്ട് കരപറ്റും എന്നാണ് തീരദേശ പൊലീസ് മേധാവി ഐ.ജി.പി. വിജയന്‍ അറിയിച്ചത്.
അഞ്ചാം തീയതി ബേപ്പൂരില്‍നിന്ന് പോയ മിലാദ്- 03 എന്ന ബോട്ടിനെക്കുറിച്ചും വിവരമില്ലായിരുന്നു. ഗോവന്‍ തീരത്ത് കണ്ടെത്തിയ ഈ ബോട്ട് കാലാവസ്ഥ അനുകൂലമായാല്‍ വൈകാതെ കരയിലെത്തുമെന്നും അദ്ദേഹം അറിയിച്ചതായി മുഹമ്മദ് റിയാസ് പറഞ്ഞു.
ഇതിനിടയില്‍ കൊച്ചി വൈപ്പിന്‍ തീരത്ത് നിന്ന് പോയ ആണ്ടവന്‍ തുണ എന്ന ബോട്ടിലെ തൊഴിലാളികള്‍ തിരിച്ചെത്തി. ബോട്ടിലുള്ള എട്ടുപേരാണ് കടമത്ത് ദ്വീപിലേക്ക് തിരിച്ചെത്തിയത്. വലിയ കാറ്റുണ്ടായിരുന്നതിനാല്‍ ബോട്ട് ഉപേക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍ എത്തുകയായിരുന്നു. എന്നാല്‍ ബോട്ടിലുണ്ടായിരുന്ന ഒരാളെക്കുറിച്ച് വിവരമൊന്നുമില്ല. മെയ് ഒന്നിനാണ് ലക്ഷദ്വീപിലേക്ക് വൈപ്പിന്‍ തീരത്ത് നിന്ന് ബോട്ട് പോയത്.