കടൽ ക്ഷോഭം തടയാൻ ശാശ്വത പരിഹാരം വേണം :എസ്. ഡി. പി. ഐ.
മലപ്പുറം : അറബിക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതോടെ ജില്ലയിലെ തീരദേശമേഖലകളിൽ കടൽക്ഷോഭം ഭീതി വിതച്ചിരിക്കുകയാണ്. കടലോര മക്കൾക്ക് വലിയ നാശനഷ്ടങ്ങൾ മാത്രം സമ്മാനിച്ച് ഓരോ വർഷവും അവർത്തിക്കുന്ന കടൽക്ഷോഭം തടയാൻ ശാശ്വത പരിഹാരം കാണണമെന്ന് എസ്. ഡി. പി. ഐ മലപ്പുറം ജില്ല പ്രസിഡന്റ് സി. പി. എ ലത്തീഫ് ആവശ്യപ്പെട്ടു. തീരദേശത്തെ ജനങ്ങൾ ഭീതിയിലും തീരാദുരിതത്തിലുമാണ്. പൊന്നാനി, തിരൂർ താലൂക്കുകളിലെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം മൂലം കൊടിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. തീരദേശത്തുള്ള വീടുകൾ, മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധികളായ ഫൈബർ വള്ളങ്ങൾക്കും യമഹ എഞ്ചിനുകൾക്കും ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കാലവർഷം കനക്കുമ്പോൾ തീരദേശത്തെ ജനങ്ങൾക്കു കെടുതിയുടെയും, വറുതിയുടെയും കാലമാണ്.
തീരദേശത്തെ ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകേണ്ടതുണ്ട്.സ്ഥിരമായി രൂക്ഷമായ കടൽക്ഷോഭങ്ങൾ മൂലം നാശനഷ്ടങ്ങൾ സംഭവിക്കാറുള്ള പ്രദേശങ്ങളിൽ ഇപ്പോഴും കടൽഭിത്തി നിർമിച്ചിട്ടുപോലുമില്ല. പൊന്നാനി, പലപ്പെട്ടി, വെളിയങ്കോട്, താനൂർ , എടക്കടപ്പുറം, അഞ്ചുടി, കൂട്ടായി, വാക്കാട് എന്നിവിടങ്ങളിൽ സംഭവിച്ച കടൽക്ഷോഭം ഇത് വ്യക്തമാക്കുന്നതാണ്. കടൽ ഭിത്തികൾ നിർമ്മിക്കാത്ത ഇടങ്ങളിലാണ് കടൽക്ഷോഭം മൂലം കൂടുതൽ നഷ്‌നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത് എന്നത് അധികാരികളുടെയും സർക്കാരിൻ്റെയും കണ്ണുതുറപ്പിക്കേണ്ടതാണ്. ആൾനാശം സംഭവിക്കുന്നില്ല എന്ന് കരുതി തീരദേശത്തുണ്ടാകുന്ന കടൽക്ഷോഭക്കെടുതികളെ അധികാരികൾ ചെറുതായി കാണുകയാണ്. ഇത് കടലിൻ്റെ മക്കളോടുള്ള കൊടും ക്രൂരതയാണ്.
ഇത്തരം മനുഷ്യത്വ വിരുദ്ധ നിലപാടുകൾ അംഗീകരിക്കാനാവില്ല. അതിന് ജില്ലയിലെ തീരദേശമേഖലയിൽ കടൽ ഭിത്തികൾ ഇനിയും നിർമ്മിക്കാത്ത ഇടങ്ങളിൽ കടൽ ക്ഷോഭത്തെ പ്രതിരോധിക്കാൻ തക്കവണ്ണം ശാസ്ത്രീയമായി കടൽഭിത്തികൾ അടിയന്തിരമായി നിർമിച്ചു തീരദേശത്തെ ജനങ്ങളെ സംരക്ഷിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.