Fincat

പതിനാറുകാരനെ വാഹനം ഓടിച്ച് വീട്ടുസാധനങ്ങൾ വാങ്ങാൻ വിട്ട മാതാവിനെതിരെ കേസ്

പൊലീസിൻ്റെ പിടിയിലായത് വാഹന പരിശോധനക്കിടെ

ചെമ്മാട് കരിപറമ്പ് സ്വദേശിയായ 16 കാരന്റെ മാതാവിനെതിരെയാണ് കേസ് എടുത്തത്. ദൂരെയൊന്നും പോയില്ലല്ലോ, മുമ്പും പോകാറുണ്ടെന്നു മാതാവ്

തിരൂരങ്ങാടി എസ് ഐ പി.എം.രതീഷിന്റെ നേതൃത്വത്തിൽ ചെമ്മാട് -പരപ്പനങ്ങാടി റോഡിൽ തൃക്കുളം ക്ഷേത്രത്തിനു സമീപം വൈകിട്ട് 5.30 മണിയോടെ പോലീസ് സംഘം വാഹന പരിശോധന നടത്തി കൊണ്ടിരിക്കുമ്പോഴാണ് അതിവേഗതയിൽ വന്ന സ്കൂട്ടർ പോലീസ് തടഞ്ഞു നിർത്തിയത്. ഹെൽമെറ്റ് ധരിക്കാത്തത് സംബന്ധിച്ചു അന്വേഷിച്ചപ്പോഴാണ് 16 വയസുള്ള കുട്ടിയാണെന്നും വീട്ടു സാധനങ്ങൾ വാങ്ങാൻ മാതാവ് പറഞ്ഞു വിട്ടതാണെന്നും വാഹനം അയൽവാസിയുടേതുമാണെന്നും മൊഴി നൽകിയത്. തുടർന്ന് പയ്യനുമായി വീട്ടിലെത്തി കാര്യം പറഞ്ഞപ്പോൾ മാതാവിന് നിസംഗഭാവം. അവൻ ദൂരെയൊന്നും അല്ലല്ലോ പോയതെന്നും അവൻ മുൻപും പോയിട്ടുണ്ടെന്നും കുഴപ്പമൊന്നുമുണ്ടായിട്ടില്ലെന്നും മാതാവിൻ്റെ പക്ഷം. പയ്യൻ്റെ പിതാവ് വിദേശത്താണ്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും പയ്യൻ്റെ മാതാവിനെതിരെ മോട്ടോർ വാഹന വകുപ്പിലെ പുതിയ ഭേദഗതി പ്രകാരമുള്ള വകുപ്പു പ്രകാരം കേസെടുക്കുകയാണുണ്ടായത്. 3 വർഷം തടവും 25000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത് . ട്രിപ്പിൾ ലോക്ക് ഡൗൺ സമയത്ത് മാതാപിതാക്കൾ ഇത്തരത്തിൽ അലംഭാവം കാട്ടുന്നത് നിരാശാജനകമാണെന്നു എസ്‌ഐ രതീഷ് പറഞ്ഞു. ഉൾപ്രദേശങ്ങളിൽ ഇത്തരത്തിൽ പയ്യന്മാർ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കർശന നടപടി എടുക്കുമെന്നും അദ്യേഹം പറഞ്ഞു.