സുന്ദർലാൽ ബഹുഗുണയുടെ വിയോഗത്തിൽ വൃക്ഷത്തൈ നട്ട് അനുശോചനം
തിരുനാവായ: രാജ്യാന്തര പ്രശസ്തമായ ചിപ്കോ പ്രസ്ഥാനത്തിൻ്റെ ആചാര്യനും ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായ സുന്ദർലാൽ ബഹുഗുണയുടെ ദേഹവിയോഗത്തിൽ വൃക്ഷത്തൈ നട്ട് അനുശോചനം രേഖപ്പെടുത്തി
വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബ് പ്രവർത്തകർ. കുട്ടിക്കാലം തൊട്ടെ അയിത്തം, തൊട്ടുകൂടായ്മ, വനനശീകരണം എന്നിവയ്ക്കെതിരെയും മദ്യവർജ്ജനം, സാമൂഹിക ശാക്തീകരണം എന്നിവയ്ക്ക് വേണ്ടിയും പ്രവർത്തിച്ച ബഹുഗുണ പരിസ്ഥിതി പ്രവർത്തകരുടെ വലിയ പ്രചോദനമാണ്. ഫുഡ് (ഭക്ഷണം), ഫോഡർ (കാലിത്തീറ്റ), ഫെർട്ടിലൈസർ (വളം), ഫ്യൂവൽ (ഇന്ധനം), ഫൈബർ (നാരുകൾ) എന്ന 5 എഫ് ഫോർമുല ലക്ഷ്യമിട്ട് വൃക്ഷങ്ങൾ നടാൻ ഗ്രാമീണരെ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സുന്ദർലാൽ ബഹുഗുണയുടെ നിര്യാണത്തിൽ അനുശോചനമെന്നോണമാണ് ബ്രദേഴ്സ് ക്ലബ്ബ് പ്രവർത്തകർ വൃക്ഷത്തൈ നട്ടത്. തൈ നടീൽ കർമ്മം തിരുനാവായ ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ ടി. ഫർസാന ഷാമിൽ നിർവഹിച്ചു. തയ്യിൽ നാസർ അദ്ധ്യക്ഷത വഹിച്ചു. കമറുദ്ദീൻ പരപ്പിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. എം. പി. പ്രദീപ്, പി. മുഹമ്മദ് ഷമ്മാസ് മുജീബ് സംബന്ധിച്ചു.
പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയുടെ ദേഹവിയോഗത്തിൽ കൃഷി ഓഫീസർ ടി. ഫർസാന ഷാ മിലിൻ്റെ നേതൃത്വത്തിൽ വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബ് വൃക്ഷത്തൈ നട്ട് അനുശോചനം രേഖപ്പെടുത്തുന്നു.