ചികിത്സയിലിരിക്കെ മരിക്കുന്ന കോവിഡ് രോഗികളുടെ ആഭരണങ്ങൾ നഷ്ടമാകുന്നു.
സ്വർണാഭരണങ്ങൾക്ക് പുറമെ മൊബൈൽ ഫോണും പേഴ്സും നഷ്ടപ്പെട്ടതായും പരാതിയുണ്ട്.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിക്കുന്ന കോവിഡ് ബാധിതരുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെടുന്നതായി പരാതി. ഇത് സംബന്ധിച്ച് മരിച്ചവരുടെ ബന്ധുക്കൾ മെഡിക്കൽ കോളജ് സൂപ്രണ്ടിനും പൊലിസിലും പരാതി നൽകി. ഇതു വരെ 5 പരാതികൾ ലഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചവരുടെ മൃതദേഹങ്ങൾ വിട്ടുനൽകുമ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെടുന്നതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പരാതികൾ മെഡിക്കൽ കോളജ് അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. സ്വർണാഭരണങ്ങളും മൊബൈൽ ഫോണും പേഴ്സും നഷ്ടപ്പെട്ടതായും പരാതിയുണ്ട്. ഏറ്റവും ഒടുവിലായി ഹരിപ്പാട് മുട്ടം സ്വദേശി വത്സലകുമാരിയുടെ ആറര പവൻ്റെ സ്വർണമാണ് നഷ്ടപ്പെട്ടത്.
കോവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞ12 ന് വൈകിട്ടാണ് വത്സലകുമാരിയെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഐ.സി യു വിൽ പ്രവേശിപ്പിക്കുമ്പോൾ നാലരപവൻ്റെ മാല ഉൾപ്പെടെ ഏഴര പവൻ സ്വർണാഭരണങ്ങൾ വത്സലകുമാരിയുടെ ശരീരത്തിലുണ്ടായിരുന്നു. രോഗം മൂർഛിച്ച വത്സല കുമാരി വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിച്ചു.. വൈകിട്ട് ഏഴേ മുക്കാലോടെ മൃതദേഹം പുറത്തിറക്കിയപ്പോൾ ഒരു പവൻ്റെ വള മാത്രമാണ് മുറിച്ച നിലയിൽ ബന്ധുക്കൾക്ക് കൈമാറിയത്.
രോഗിയെ ഐസിയുവിൽ പ്രവേശിപ്പിച്ചതിന് ശേഷം ബന്ധുക്കൾ പലതവണ ആഭരണങ്ങൾ ചോദിച്ചെങ്കിലും പിന്നീട് നൽകാമെന്ന് പറഞ്ഞ് ആശുപത്രി ജീവനക്കാർ ഒഴിഞ്ഞു മാറിയതായും ബന്ധുക്കൾ ആരോപിക്കുന്നു. എല്ലാവരും പിപി ഇ കിറ്റ് ഉപയോഗിക്കുന്നതിനാൽ ആശുപത്രി ജീവനക്കാരെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ നഷ്ടപ്പെട്ട സ്വർണം ആരോട് ചോദിക്കുമെന്നറിയാത്ത ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.
കോവിഡ് ബാധിച്ച് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച ആലപ്പുഴ അവലൂക്കുന്ന് സ്വദേശി ആനി ജോസഫിൻ്റെ 5 പവൻ സ്വർണം, പട്ടണക്കാട് സ്വദേശി പ്രഭാവതി അമ്മയുടെ 6 പവൻ സ്വർണം, ഹരിപ്പാട് സ്വദേശി ലിജോബിജുവിൻ്റെ പേഴ്സ്, മൊബൈൽ ഫോൺ എന്നിവ നഷ്ടപ്പെട്ടതായി ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. പരാതികൾ അമ്പലപ്പുഴ പോലിസിന് കൈമാറിയിരിക്കുകയാണ്.