എസ്.എസ്.എൽ.സി, പ്ലസ് ടു ഫലം ജൂലൈയിൽ.
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം ജൂണിൽ പൂർത്തിയാക്കി ജൂലൈയിൽ ഫലപ്രഖ്യാപനം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ എന്നിവരുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് പൊതുപരീക്ഷകള്‍ ഏപ്രിലിൽ പൂർത്തീകരിച്ചിട്ടുണ്ട്. മാറ്റിവെച്ച സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ നടത്തുന്നതിൽ കേരളത്തിൽ സമ്മിശ്ര പ്രതികരണമാണ് ഉള്ളതെന്നും മന്ത്രി ശിവൻകുട്ടി യോഗത്തിൽ അറിയിച്ചു.
എന്നാല്‍ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ജെ.ഇ.ഇ/നീറ്റ് തുടങ്ങിയ പ്രഫഷനല്‍ കോഴ്സുകളിലേക്കുള്ള മത്സര പരീക്ഷകളും നടത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കുന്ന മുറക്ക് ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ച് പരീക്ഷ നടത്തുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്സിനേഷന് നടത്തണമെന്ന നിർദേശവും കേന്ദ്രത്തിന് മുമ്പാകെ അവതരിപ്പിച്ചു.