ദേവികുളം എംഎൽഎ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.

തിരുവനന്തപുരം: ദേവികുളം എംഎൽഎ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ആദ്യം സത്യപ്രതിജ്ഞ ചെയ്തതിലെ പിഴവാണ് കാരണം. തമിഴിലായിരുന്നു എ രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തർജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് വിലയിരുത്തൽ.

 

കന്നഡയും തമിഴും ഉള്‍പ്പെടെ നാലുഭാഷകളിലാണ് പതിനഞ്ചാം നിയമസഭയില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 43 പേര്‍ ദൈവനാമത്തിലും 13 പേര്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. കന്നഡയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫാണ് നിയമസഭയിലെ ഭാഷാ വൈവിധ്യത്തിന് തുടക്കമിട്ടത്. പാലാ എംഎല്‍എ മാണി സി കാപ്പനും മുവാറ്റുപുഴ എംഎൽഎ മാത്യു കുഴല്‍നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ. മുന്‍ഗാമി കെ രാജേന്ദ്രനെപ്പോലെ ദേവികുളം എംഎല്‍എ എ രാജ തമിഴിലും സത്യപ്രതിജ്ഞ ചൊല്ലി.