എടപ്പാള്‍ മേല്‍പ്പാല നിര്‍മാണം അടിയന്തര പ്രധാന്യത്തോടെ പൂര്‍ത്തീകരിക്കും: മന്ത്രി പിഎ മുഹമ്മദ് റിയാസ്
എടപ്പാള്‍ മേല്‍പ്പാല നിര്‍മാണത്തിന് ഏറ്റവും മുന്തിയ പരിഗണന നല്‍കി വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
മന്ത്രിയായി ചുമതലയേറ്റടുത്ത ശേഷം എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ പ്രവൃത്തികള്‍ നേരില്‍ കണ്ട് വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം. ഏറ്റവും പ്രാധാന്യമേറിയ ദേശീയപാതയെന്ന നിലയിലാണ് അടിയന്തരമായി എടപ്പാള്‍ മേല്‍പ്പാലം പ്രവൃത്തിയെ പരിഗണിക്കുന്നത്.
തിരുവനന്തപുരത്ത് എത്തിയ ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. പാലത്തിന്റെ എട്ട് സ്പാനുകളില്‍ ആറെണ്ണം നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതുവരെ 80 ശതമാനത്തോളം പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വകുപ്പിന് കീഴില്‍ നിലവില്‍ തുടരുന്ന വികസന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതോടൊപ്പം പുതിയ പദ്ധതികള്‍ക്ക് കൂടി തുടക്കമിടാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, എ.ഡി.എം ഡോ. സി. റജില്‍, തിരൂര്‍ ആര്‍.ഡി.ഒ കെ.എം അബ്ദുല്‍ നാസര്‍, തഹസില്‍ദാര്‍ ടി.എന്‍ വിജയന്‍,
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ പി.പി മോഹന്‍ദാസ്, പൊതുമരാമത്ത് റോഡുകളും പാലങ്ങളും വിഭാഗം ജനറല്‍ മാനേജര്‍ ഐസക് വര്‍ഗീസ്, മഞ്ചേരിയിലെ റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് അഷ്‌റഫ് എ.പി.എം, പൊന്നാനിയിലെ പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ ഗോപന്‍ മുക്കുളത്ത്, ഷിംനാജ്, കിറ്റ്‌കോസീനിയര്‍ കണ്‍സള്‍ട്ടന്റ് ബൈജു ജോണ്‍ എം, കരാറുകാരായ ഏറനാട് കണ്‍ട്രക്ഷന്‍സ് പ്രതിനിധികള്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.