പുനരധിവാസത്തിന് പുതിയ സംവിധാനം: പൊന്നാനിയില്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഒരുങ്ങി

കടലാക്രമണത്തെയും പ്രളയത്തെയും മറ്റു പ്രതികൂല സാഹചര്യങ്ങളെയും പ്രതിരോധിക്കാനായി പൊന്നാനിലെ തീരദേശത്തിന് മറ്റൊരു പദ്ധതി കൂടി സ്വന്തമാകുന്നു. ദുരന്ത സമയങ്ങളില്‍ ആളുകളെ മാറ്റി താമസിപ്പിക്കാനായി പൊന്നാനി തീരദേശത്ത് സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഒരുങ്ങി. പാലപ്പെട്ടി ജിഎച്ച്എസ് സ്‌കൂളിലെ കോമ്പൗണ്ടിലാണ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിര്‍മിച്ചിരിക്കുന്നത്. തീരദേശത്തെ അടിയന്തിര സാഹചര്യങ്ങളില്‍ വൃത്തിയും സൗകര്യങ്ങളുമുള്ള സംവിധാനത്തില്‍ ജനങ്ങളെ താമസിപ്പിക്കാന്‍ കേന്ദ്രം ഒരുക്കണമെന്ന മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് . മൂന്ന് കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നിലകളിലായി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ ഡൈനിങ് ഹാള്‍ , അടുക്കള , ടോയ്‌ലറ്റ് ബ്ലോക്ക് , ജനറേറ്റര്‍ റൂം എന്നിവയും ആദ്യത്തെ നിലയിലും രണ്ടാമത്തെ നിലയിലും ഡോര്‍മെട്രി , ടോയ്‌ലറ്റ് ബ്ലോക്ക് , സിക്ക് റൂം ( രോഗികള്‍ക്ക് ) എന്നീ സൗകര്യങ്ങളുമാണ് കെട്ടിടത്തിലുള്ളത്. പദ്ധതിക്കായി റവന്യൂ വകുപ്പ് തുക അനുവദിക്കുകയും

പൊതുമരാമത്ത് കെട്ടിടവിഭാഗം നിര്‍മാണം നടത്തുകയുമായിരുന്നു. ഗ്രാമപഞ്ചായത്ത് , റവന്യൂ , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ / എച്ച്.എം, പോലീസ് , ഫയര്‍ ഫോഴ്സ്, ആരോഗ്യം അടക്കമുള്ള വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മറ്റിയ്ക്കാണ് സൈക്ലോണ്‍ ഷെല്‍ട്ടറിന്റെ നടത്തിപ്പ് ചുമതല. കെട്ടിടം മറ്റു സമയങ്ങളില്‍ സ്‌കൂള്‍ ക്ലാസ് മുറികളായി ഉപയോഗിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. സ്ഥലപരിമിതിയുള്ള സ്‌കൂളിന് ഇതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാകും. സ്‌കൂളിന് പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതും പുരോഗമിക്കുകയാണ്. പദ്ധതിയുടെ തുടര്‍ നടപടികളും ഉദ്ഘാടനവും പി.നന്ദകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടക്കും.