Fincat

സെക്ടറൽ മജിസ്‌ട്രേറ്റിന്റെ വാഹനത്തിന് അള്ള് വെച്ചു; രണ്ടുപേർ അറസ്റ്റിൽ

കുന്നോത്ത് മീത്തൽ സവാദ്, പുതുശ്ശേരിതാഴ റംഷീദ് എന്നിവരാണ് അറസ്റ്റിലായത്.

കൊയിലാണ്ടി : അരിക്കുളം ഒറവിങ്കൽ താഴ ഭാഗത്ത് കോവിഡ് നിയന്ത്രണങ്ങൾ പരിശോധിക്കുന്ന കീഴരിയൂർ പഞ്ചായത്ത് സെക്ടറൽ മജിസ്‌ട്രേറ്റിന്റെ വാഹനം പാതയിൽ അള്ളുവെച്ച് കേടുവരുത്തി. അള്ള് തറച്ച് വാഹനത്തിന്റെ നാല് ചക്രവും പഞ്ചറായി. സംഭവവുമായി ബന്ധപ്പെട്ട് സെക്ടറൽ മജിസ്‌ട്രേറ്റുകൂടിയായ കീഴരിയൂർ വില്ലേജ് ഓഫീസർ അനിൽ കുമാറിന്റെ പരാതിപ്രകാരം രണ്ട് പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കുന്നോത്ത് മീത്തൽ സവാദ്, പുതുശ്ശേരിതാഴ റംഷീദ് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.

1 st paragraph

മരപ്പലകയിൽ ആണി തറച്ച് ചെമ്മൺ പാതയിൽ കെട്ടിനിൽക്കുന്ന ചെളിവെള്ളത്തിൽ നിരത്തിയിട്ടതായിരുന്നു. എട്ട് സ്ഥലത്ത് മരപ്പലകയിൽ ആണി തറച്ചിട്ടതായി പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഒറവിങ്കൽതാഴ ഭാഗത്ത് പരിശോധന നടത്തുമ്പോൾ, സമീപത്തെ പൊതുകിണറിനും പമ്പ് ഹൗസിനും അരികിൽ ചിലർ കൂട്ടംകൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. സെക്ടറൽ മജിസ്‌ട്രേറ്റിനെ കണ്ടതോടെ കൂട്ടംകൂടി നിന്നവർ ഓടിപ്പോയിരുന്നു. അടുത്ത ദിവസവും ഇതേസ്ഥലത്ത് പരിശോധനയ്ക്കെത്തിയപ്പോഴാണ് ആണിതറച്ച് മരപ്പലകകളിൽ കയറി വാഹനത്തിന്റെ ടയർ കേടായത്.

2nd paragraph

സ്ഥലത്ത് വിശദമായ പരിശോധന നടത്തിയപ്പോഴാണ് പല സ്ഥലത്തും മരപ്പലകയിൽ ആണി അടിച്ചുകയറ്റി പല ഭാഗത്തായിവെച്ചതായി കണ്ടെത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്ന കരുതൽ ചക്രങ്ങൾ ഉപയോഗിച്ചാണ് സെക്ടറൽ മജിസ്‌ട്രേറ്റ്‌ സഞ്ചരിച്ച വാഹനം മാറ്റിയത്. അരിക്കുളം സ്വദേശി അനിലേഷിന്റെതാണ് വാഹനം. സ്ഥലത്തെത്തിയ കൊയിലാണ്ടി സി.ഐ. എം.പി. സന്ദീപ് കുമാർ ആണി അടിച്ചുകയറ്റിയ എട്ട് മരപ്പലകകൾ കസ്റ്റഡിയിൽ എടുത്തു.

സംഭവത്തിൽ ശക്തമായ നടപടികളുണ്ടാകുമെന്ന് സി.ഐ. പറഞ്ഞു. വാഹനത്തിൽ സഞ്ചരിച്ചവരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റവും ഈ സംഭവത്തിലുണ്ട്.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആളുകൾ ശരിയായ വിധത്തിൽ മാസ്ക്‌ ധരിക്കുന്നുവെന്ന് ഉറപ്പു വരുത്താനും, കൂട്ടംകൂടി നിൽക്കുന്നത് തടയാനും സെക്ടറൽ മജിസ്‌ട്രേറ്റുമാർ പരിശോധന നടത്തുന്നത്.