കൊടകര കുഴൽപ്പണ കേസിൽ നിർണായക വഴിത്തിരിവ്; അന്വേഷണം കെ സുരേന്ദ്രന്‍റെ മകനിലേക്ക്.
കേസിലെ മുഖ്യപ്രതി ധർമരാജനും കെ സുരേന്ദ്രന്‍റെ മകനും ഫോണിലൂടെ പലതവണ സംസാരിച്ചിട്ടുളളതായി അന്വേഷണസംഘം കണ്ടെത്തി.
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്‍റെ മകൻ ഹരികൃഷ്‌ണനിലേക്ക്. കേസിലെ മുഖ്യപ്രതി ധർമരാജനും കെ സുരേന്ദ്രന്‍റെ മകനും ഫോണിലൂടെ പലതവണ സംസാരിച്ചിട്ടുളളതായി അന്വേഷണസംഘം കണ്ടെത്തി. കോന്നിയിൽ വച്ച് ഇരുവരും തിരഞ്ഞെടുപ്പ് സമയത്ത് കൂടിക്കാഴ്‌ച നടത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ. ഹരികൃഷ്‌ണന്‍റെ മൊഴിയെടുക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.


ധർമരാജനെ അറിയാമെന്ന് കെ സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ തൃശൂരിൽ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയിലാണ് ധർമ്മരാജനെ തങ്ങൾക്ക് പരിചയമുണ്ടെന്ന് കെ സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്.


ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികൾ ധർമരാജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കെ സുരേന്ദ്രനും ധർമരാജനെ പരിചയമുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ഇവർ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരേയും പൊലീസ് ഇന്നലെ വിട്ടയച്ചു.
