മാരക മയക്ക്മരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ജീപ്പിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന 50 ഗ്രാം എം.ഡി.എം.എ(മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ) മയക്കുമരുന്നുമായി താമരശ്ശേരി സ്വദേശി പൊന്നോത്ത് ഫൈസൽ (28) പിടിയിൽ. കോഴിക്കോട്-താമരശ്ശേരി ദേശീയപാതയിൽ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡും എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും നടത്തിയ വാഹന പരിശോധനക്കിടെയാണ് പിടിയിലായത്.
പിടിച്ചെടുത്ത എം.ഡി.എം.എക്ക് വിപണിയിൽ രണ്ടു ലക്ഷം രൂപ വിലയുണ്ട്. എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ. ദേവദാസിന്റ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഐ.ബി ഇൻസ്പെക്ടർ എ.പ്രജിത്ത്, പ്രിവൻറിവ് ഓഫിസർ ടി.പി. ബിജുമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.ആർ. ദീനദയാൽ, എൻ.എസ്. സന്ദീപ്, പി. അജിത്ത്, എ. അനുരാജ്, ടി.എം. സൈമൺ, എ. അരുൺ, ഡ്രൈവർമാരായ അബ്ദുൽകരീം, പ്രബീഷ് എന്നിവർ ഉണ്ടായിരുന്നു.
പത്ത് ഗ്രാമോ കൂടുതലോ എം.ഡി.എം.എ കൈവശം വെച്ചാൽ പത്തു മുതൽ 20 വർഷം വരെ തടവോ രണ്ടു ലക്ഷം പിഴയോ ശിക്ഷ ലഭിക്കും.