സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ നിരക്ക് നിശ്ചയിച്ച് കേന്ദ്ര സർക്കാർ
കൊവിഷീൽഡിന് 780 രൂപ, കൊവാക്സിന് 1410 രൂപ
ന്യൂഡൽഹി: കൊവിഡ് വാക്സിൻ നൽകുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാൻ സാധിക്കുന്ന പരമാവധി വിലയുടെ കാര്യത്തിൽ തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ. കൊവിഷീൽഡിന് 780 രൂപയും കൊവാക്സിന് 1410 രൂപയും സ്പുട്നിക് 5 വാക്സിന് 1145 രൂപയുമാണ് രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാൻ സാധിക്കുക.
നികുതിയും ആശുപത്രികളുടെ 150 രൂപ സർവീസ് ചാർജും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ നിരക്ക്. 150 രൂപയിൽ കൂടുതൽ സർവീസ് ചാർജായി വാങ്ങാൻ ആശുപത്രികളെ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.
സ്വകാര്യ ആശുപത്രികളെ സംസ്ഥാനങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്നും കൂടുതൽ പണം സർവീസ് ചാർജായി വാങ്ങുന്ന ആശുപത്രികൾക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം അറിയിക്കുന്നുണ്ട്.
വാക്സിൻ വില നിയന്ത്രിക്കുന്നതിനും രാജ്യത്ത് വാക്സിൻ വിതരണം വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നാണ് വിവരം. സർക്കാർ സ്ഥാപനങ്ങൾ വഴി ലഭിക്കുന്ന വാക്സിൻ സൗജന്യമായാകും ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.