മൂന്നര കോടിയുടെ ഉറവിടവിവരവുമായി ധര്‍മ്മരാജന്‍ കോടതിയില്‍, കൊടകര കേസില്‍ പോലീസിന് തിരിച്ചടി

ഡല്‍ഹിയിലെ കച്ചവട ആവശ്യത്തിനാണ് തുക കൊണ്ടുപോയതെന്നാണ് വെളിപ്പെടുത്തല്‍. കേസില്‍ ഇനിയും പണം കണ്ടെടുക്കാന്‍ പരക്കം പായുന്ന പോലീസിനു ഈ നീക്കം തിരിച്ചടിയായി.

തൃശൂര്‍: കൊടകര പണം കവര്‍ച്ചാ കേസില്‍ പോലീസിനെ വെട്ടിലാക്കി പരാതിക്കാരന്‍ ധര്‍മരാജന്റെ നാടകീയ നീക്കം. പണം സ്വന്തം കച്ചവട ആവശ്യത്തിനു കൊണ്ടുപോയതാണെന്നും പോലീസ് പിടിച്ചെടുത്ത തുക തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ധര്‍മരാജന്‍ ഹര്‍ജി നല്‍കി.

മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിയാണ് കൈമാറിയത്. മൂന്നര കോടി രൂപയും തന്റേതാണെന്നും പോലീസ് കണ്ടെടുത്ത 1.40 കോടി തിരികെ കിട്ടണമെന്നും രേഖകള്‍ കൈവശമുണ്ടെന്നും കാട്ടിയാണ് ഹര്‍ജി. ഹര്‍ജിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിനു കൈമാറി.

യുവമോര്‍ച്ച നേതാവ് സുനില്‍ നായിക് തന്റെ കച്ചവട പങ്കാളിയാണെന്നും വ്യക്തമാക്കി. ഡല്‍ഹിയിലെ കച്ചവട ആവശ്യത്തിനാണ് തുക കൊണ്ടുപോയതെന്നാണ് വെളിപ്പെടുത്തല്‍. കേസില്‍ ഇനിയും പണം കണ്ടെടുക്കാന്‍ പരക്കം പായുന്ന പോലീസിനു ഈ നീക്കം തിരിച്ചടിയായി.

ആരോപണശരങ്ങളില്‍ നട്ടംതിരിയുന്ന ബി.ജെ.പിക്കു ഫലത്തില്‍ ആശ്വാസവുമായി. മൂന്നര കോടി രൂപയുണ്ടെന്നു വ്യക്തമാക്കിയതോടെ ബാക്കി തുക കണ്ടെടുക്കേണ്ടത് പോലീസിന്റെ ബാധ്യതയായി. ധര്‍മരാജനൊപ്പം സുനില്‍നായികും ഷംജീറും ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. ധര്‍മരാജന്‍ സപ്ലൈകോയ്ക്ക് വസ്തുക്കള്‍ വിതരണം ചെയ്യുന്ന കച്ചവടക്കാരനാണെന്നും വ്യക്തമാക്കി.

മുമ്പ് 25 ലക്ഷം നഷ്ടമായെന്നു ചൂണ്ടിക്കാട്ടിയാണ് ധര്‍മരാജന്‍ ഡ്രൈവര്‍ മുഖേന പോലീസില്‍ പരാതി നല്‍കിയത്.