സൗജന്യ വാക്സിൻ നയം: 44 കോടി ഡോസ് വാക്സിന് കൂടി കേന്ദ്ര സർക്കാർ ഓർഡർ നല‍്കി
ന്യൂഡൽഹി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്സിന് ഓർഡർ നൽകി കേന്ദ്ര സർക്കാർ. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി ഡോസ് കോവിഷീൽഡിനും ഭാരത് ബയോടെകിൽ നിന്ന് 19 കോടി ഡോസ് കോവാക്സിനും ഓർഡർ നൽകിയെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ വികെ പോൾ വ്യക്തമാക്കി.
രണ്ട് വാക്സിൻ നിർമാതാക്കൾക്കും കേന്ദ്രം ഇതിനോടകം നൽകിയ ഓർഡറുകൾക്ക് പുറമേയാണിത്. ഘട്ടംഘട്ടമായി 2021 ഡിസംബറിനുള്ളിൽ 44 കോടി ഡോസും ലഭ്യമാകും. പുതിയ ഓർഡറിനായി സിറം ഇൻസറ്റിറ്റിയൂട്ടിനും ഭാരത് ബയോടെകിനും 30 ശതമാനം തുക അഡ്വാൻസ് നൽകിയിട്ടുണ്ടെന്നും വികെ പോൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കോവാക്സിനും കോവിഷീൽഡിനും പുറമേ ബയോളജിക്കൽ ഇ കമ്പനിയുടെ 30 കോടി ഡോസ് വാക്സിനും കേന്ദ്രം ഓർഡർ നൽകിയിട്ടുണ്ട്. ഇത് സെപ്തംബറോടെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.