കൊടകര കുഴല്‍പ്പണ കേസ്; അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തയ്യാറാക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ച്; പി കെ കൃഷ്ണദാസ്

കെ സുരേന്ദ്രനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തയ്യറാക്കുന്ന തിരിക്കഥയ്ക്ക് അനുസരിച്ചാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയതിന്റെ പക പോക്കലാണ് നടത്തുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു.

പൊതു സമൂഹത്തിന്റെ മുന്നില്‍ ബിജെപിയെ അപമാനിക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്നും കെ സുരേന്ദ്രനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒരു ഐപിഎസ് പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആദ്യം അന്വേഷണം നടക്കുന്ന കേസാണിത്. ആ പൊലീസ് സൂപ്രണ്ട് ബിജെപിക്ക് ബന്ധമില്ലെന്ന് പരസ്യമായി പറഞ്ഞതാണ്. ഇത് പറഞ്ഞ ഉടനെ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തു.

 

ഇപ്പോള്‍ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത് വാളയാറിലെ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിച്ച ഉദ്യോഗസ്ഥരെയാണ്. ഇതൊരു അന്വേഷണ സംഘമല്ല അധോലോക സംഘമാണെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും അതില്‍ ബിജെപി ബന്ധമുള്ള ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാമോയെന്നും അദ്ദേഹം ചോദിച്ചു. അറസ്റ്റ് ചെയ്തവരില്‍ ഒരാളൊഴിച്ച് എല്ലാവരും ഇടതുപക്ഷ സഹയാത്രികരാണെന്നും കൃഷ്ണദാസ് പറഞ്ഞു. വാദിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് അന്വേഷണം നടത്തുകയും ആളുകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്നതിന് പകരം പ്രതികളുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് അന്വേഷണത്തിനായി വിളിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബിജെപി ഇതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

അതേസമയം പണം നല്‍കി സ്ഥാനാര്‍ത്ഥിത്വം പിന്‍ വലിപ്പിച്ചെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം. സുരേന്ദ്രനെതിരെ തട്ടിക്കൊണ്ടു പോകല്‍, തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം.

 

കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയ കെ സുന്ദരയെ ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടിയിരുന്നു. മഞ്ചേശ്വരത്ത് കെ സുന്ദരയുടെ നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കാന്‍ ബി ജെ പി നേതൃത്വം രണ്ടര ലക്ഷം രൂപ കോഴ നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.