ചീരയെന്നു കരുതി ഉമ്മത്തിന്റെ ഇല കറിവച്ചു; അവശനിലയിൽ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ചീരയാണെന്നു തെറ്റിദ്ധരിച്ചു പറമ്പിൽ നിന്ന ഉമ്മത്തിന്റെ ഇല കറിയുണ്ടാക്കിക്കഴിച്ച വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ഭക്ഷ്യവിഷബാധ. വാഴക്കുളം സ്വദേശിനിയും പേരക്കുട്ടിയും മണിക്കൂറുകളുടെ ഇടവേളയിലാണ് അപസ്മാര സമാനലക്ഷണങ്ങളും ഛർദിയുമായി ആശുപത്രിയിൽ എത്തിയത്. കിടപ്പുരോഗിയായ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു പതിനാലുകാരി. ലോക്ക്ഡൗൺ ആയതിനാൽ പറമ്പിലെ ചീരയെടുത്ത് കറിയുണ്ടാക്കി. അതുകഴിച്ച് അൽപസമയത്തിനകം ഗുരുതരാവസ്ഥയിലായി. മകളും കുടുംബവുമെത്തിയാണ് അവരെ ആശുപത്രിയിലാക്കിയത്.

ഉമ്മം (ഫയൽ ചിത്രം)

മണിക്കൂറുകൾക്കകം കുട്ടിയും അവശയായി. തുടർന്ന് അയൽവാസികളാണ് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ എവിടെയെന്നും എന്തുഭക്ഷണമാണു കഴിച്ചതെന്നുമുള്ള ഡോക്ടറുടെ ചോദ്യത്തിൽ നിന്നാണ് ഉമ്മത്തിന്റെ ഇലയാണു കാരണമെന്നു കണ്ടെത്തിയത്. അതോടെ ഫലപ്രദമായ ചികിത്സ നൽകാനായി. അമ്മൂമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോയശേഷം താൻ ചോറും കറിയും എടുത്തു കഴിച്ചെന്നു കുട്ടി പറഞ്ഞു.

 

 

 

ആമാശയത്തിൽനിന്നു ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളെടുത്താണു വിഷബാധ സ്ഥിരീകരിച്ചത്. രാജഗിരിയിലെ എമർജൻസി വിഭാഗം കൺസൽറ്റന്റ് ഡോ. ജൂലിയസ്, പീഡിയാട്രിക് കൺസൽട്ടന്റ് ഡോ. ബിപിൻ ജോസ് എന്നിവരാണു ചികിത്സിച്ചത്. 2 ദിവസത്തിനുശേഷമാണു കുട്ടി അപകടനില തരണം ചെയ്തത്.

 

 

പച്ചച്ചീരയുടെ ഇലയോടു സാമ്യമുള്ളതാണ് ഡാറ്റ്യൂറ ഇനോക്സിയ എന്നു ശാസ്ത്രീയ നാമമുള്ള ഉമ്മത്തിന്റെ ഇല. തൈ കണ്ടാൽ ചീരയാണെന്നു തോന്നും. കന്നുകാലികൾ കഴിച്ചാലും മാരകമാകും.