ബിജെപി കള്ളപ്പണം ഒഴുക്കി; തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ല; എ വിജയരാഘവൻ
പണത്തിന്റെ കുത്തൊഴുക്കിനെയും അപവാദങ്ങളുടെ കൊടുങ്കാറ്റിനെയും അതിജീവിച്ചാണ് കേരളത്തിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വന്നത്.
കേരളത്തിൽ ബിജെപി കള്ളപ്പണം ഒഴുക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ജന പ്രാതിനിത്യ നിയമവും കമ്മീഷന്റെ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് കള്ളപ്പണം ഒഴുക്കിയതെന്ന് പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിച്ചത്. വയനാട്ടിൽ ഒരാളെ സ്ഥാനാർഥിയാക്കാനാണ് പണം ഉപയോഗിച്ചതെങ്കിൽ കാസർകോട്ട് ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ നാമനിർദേശപത്രിക സമർപ്പിച്ച വ്യക്തിയെ പിൻമാറ്റാനാണ് പണം കൊടുത്തത്. സ്ഥാനാർഥികളിൽ അറിയപ്പെടുന്ന ചില മുൻ ബ്യൂറോക്രാറ്റുകളും മുൻ പൊലീസ് മേധാവികളും ഇ ശ്രീധരനെപ്പോലുള്ള സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ടിരുന്നു.
ഇവരിൽ പലരും കൂടുതൽ പണം ചെലവഴിച്ച എ ക്ലാസ് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഈ കുഴൽപ്പണവിതരണ പരിപാടി ഇവർ മത്സരിച്ച മണ്ഡലങ്ങളിലും സ്വാഭാവികമായും നടന്നിട്ടുണ്ട്. ഈ കള്ളപ്പണവിതരണത്തിലെ പങ്ക് മണ്ഡലങ്ങളിൽ എങ്ങനെയാണ് ചെലവഴിച്ചതെന്നറിയാൻ കേരളീയ സമൂഹത്തിന് താൽപ്പര്യമുണ്ട്. – വിജയരാഘവൻ പറയുന്നു.
ലേഖനത്തിന്റെ പൂർണരൂപം;
ബിജെപി സംസ്ഥാന നേതാക്കൾക്കൂടി ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസ് എന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന കള്ളപ്പണക്കേസ് കേന്ദ്രഭരണകക്ഷിയുടെ കൊടിയ അഴിമതിയും ജീർണതയും ജനങ്ങൾക്ക് കൂടുതൽ മനസ്സിലാകാൻ ഉപകരിച്ചിട്ടുണ്ട്. കൊടകര ദേശീയപാതയിൽ 25 ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ടു എന്ന പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുഴൽപ്പണം എത്തിച്ചത് ബിജെപിയാണെന്ന് ആദ്യം പറഞ്ഞത് സിപിഐ എം ആയിരുന്നു. കേരളത്തിലും പുറത്തുമുള്ള ബിജെപി ഉന്നത നേതാക്കളുടെ കാർമികത്വത്തിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്ന് സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെന്ന് പറയാൻ ആദ്യം മടികാട്ടിയ മാധ്യമങ്ങൾക്കും പിന്നീട് ഈ വിഷയത്തിൽ ബിജെപിക്കുള്ള പങ്കിനെ മറച്ചുവയ്ക്കാനായില്ല. പൊലീസിന് ഇതിനകം ലഭിച്ച വിവരങ്ങൾ പ്രകാരം മൂന്നര കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. വിവിധ നിയോജകമണ്ഡലങ്ങളിലായി ശതകോടികളുടെ കള്ളപ്പണം ബിജെപി വിതരണം ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പൊലീസ് ഊർജിതമായ അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ വസ്തുതകൾ വൈകാതെ പുറത്തുവരും.
ഇതിനകം നടത്തിയ പൊലീസ് അന്വേഷണത്തിൽ ഈ പണം കേരളത്തിലെത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ആവശ്യത്തിനാണെന്ന് വ്യക്തമായിട്ടുണ്ട്. പണം എങ്ങനെ വന്നു? അതിന്റെ ഉറവിടം ഏത്? കേരളത്തിലെയും കേന്ദ്രത്തിലെയും ഏതൊക്കെ ബിജെപി നേതാക്കൾക്ക് ഇതുമായി ബന്ധമുണ്ട്? മുതലായ കാര്യങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. തെരഞ്ഞെടുപ്പിൽ ഒഴുക്കിയ കള്ളപ്പണത്തിന്റെ ഉത്തരവാദിത്തം കേരള നേതൃത്വത്തിന് മാത്രമാണെന്ന് ബിജെപിയെ അറിയുന്ന ആരും കരുതില്ല. ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി ദേശീയതലത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്രഭരണത്തെ അവർ എങ്ങനെയാണ് അഴിമതിക്ക് ഉപയോഗിക്കുന്നതെന്നും പരിശോധിച്ചാൽ കൊടകര കുഴൽപ്പണക്കേസ് ഇവിടെ ഒതുങ്ങുന്നതല്ലെന്ന് വ്യക്തമാകും. തീവ്രവർഗീയ കക്ഷിയാണെങ്കിലും കോൺഗ്രസിനോളം അഴിമതിയുള്ള പാർടിയല്ല ബിജെപിയെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കൾ നമുക്കിടയിലുണ്ട്. ബിജെപിയുടെ പ്രചാരണത്തിൽ അത്തരക്കാരും പെട്ടുപോയിട്ടുണ്ടാകും.
‘അഴിമതിമുക്ത ഭാരതം’ സൃഷ്ടിക്കുമെന്ന വാഗ്ദാനം ഉയർത്തിയാണ് 2014-ൽ ബിജെപി പാർലമെന്റ് തെരഞ്ഞെടുപ്പ് നേരിട്ടത്. അതിനൊരു പശ്ചാത്തലവുമുണ്ട്. രണ്ടാം യുപിഎ സർക്കാർ (2009-2014) അഴിമതിയിൽ മുങ്ങിനിൽക്കുകയായിരുന്നു. സ്‌പെക്ട്രം അഴിമതിയും കൽക്കരിപ്പാടം വെട്ടിപ്പുമെല്ലാം ജനങ്ങൾ കോൺഗ്രസിനെ വെറുക്കാൻ ഇടയാക്കി. ഈ സാഹചര്യത്തിലാണ് ‘അഴിമതിമുക്ത ഭാരതം’ എന്ന മുദ്രാവാക്യം ബിജെപി ഉയർത്തിയത്. സ്വാഭാവികമായും അതിന് സ്വീകാര്യത കിട്ടി. അതോടൊപ്പം ജനങ്ങളെ കബളിപ്പിക്കാൻ മറ്റൊരു പ്രഖ്യാപനവും നടത്തി. ബിജെപി അധികാരത്തിൽ വന്നാൽ, വിദേശ ബാങ്കുകളിൽ ഇന്ത്യക്കാർ സൂക്ഷിച്ച കള്ളപ്പണം നൂറുദിവസംകൊണ്ട് ഇവിടെയെത്തിച്ച് ഓരോ പൗരന്റെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം ഇട്ടുകൊടുക്കും. ഇതെല്ലാം വോട്ട് തട്ടാനുള്ള വേലകളാണെന്ന് പിന്നീട് മനസ്സിലായി. ഒന്നാം മോഡി സർക്കാർ (2014-2019) കള്ളപ്പണം തടയാൻ ചെറുവിരലനക്കിയില്ല. രാജ്യത്ത് കള്ളപ്പണത്തിന്റെ സ്വാധീനം വർധിച്ചു. അഴിമതി പെരുകി. ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം (2020) അഴിമതിയിൽ ഏറ്റവും ഉയർന്ന നിരയിലാണ് ഇന്ത്യയുടെ സ്ഥാനം.
ഒന്നാം മോഡി സർക്കാർ അധികാരത്തിൽ വന്ന് രണ്ടര വർഷം പിന്നിട്ടപ്പോഴാണ് രാജ്യത്തെ മുച്ചൂടും മുടിച്ച നോട്ട് നിരോധനമുണ്ടായത്. 2016 നവംബറിൽ. പെട്ടെന്ന് ആയിരം രൂപയുടെയും 500 രൂപയുടെയും കറൻസി പിൻവലിച്ചു. ഇതിന് പറഞ്ഞ ന്യായമാണ് രസകരം. കള്ളപ്പണം നിയന്ത്രിക്കാനും കള്ളനോട്ട് ഇല്ലാതാക്കാനുമാണ് നോട്ട് നിരോധനമെന്ന്. കള്ളപ്പണത്തിന്റെ സിംഹഭാഗവും സൂക്ഷിക്കുന്നത് കറൻസി ആയിട്ടല്ലെന്ന് സാമാന്യവിവരമുള്ളവർക്ക് അറിയാം. സാമ്പത്തികരംഗം തകർന്ന് തരിപ്പണമാകാൻ ഇടയാക്കിയ ഈ മണ്ടൻ തീരുമാനം, രാജ്യസ്‌നേഹപരമെന്ന് ബിജെപി പ്രചരിപ്പിച്ചു.
എന്നാൽ നിരോധിച്ച നോട്ടിൽ 99.4 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി. അഴിമതിക്കാർക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള വഴിയായും നോട്ട് നിരോധനം മാറി. വൻകിട കോർപറേറ്റുകൾക്ക് ആവശ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്തുകൊടുക്കുന്നു. ഈ വഴിവിട്ട സഹായത്തിന് പ്രതിഫലം പണമായി സ്വീകരിക്കാനാണ് തെരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നത്. ഇതനുസരിച്ച് കോർപറേറ്റുകൾക്ക് എത്രപണവും രാഷ്ട്രീയപാർടികൾക്ക് സംഭാവന നൽകാം. എത്ര തുക കൊടുത്തുവെന്ന് ആരോടും വെളിപ്പെടുത്തേണ്ട. സംഭാവന നൽകിയവരുടെ വിവരവും പുറത്തറിയില്ല. മൂന്നുവർഷത്തെ ശരാശരി അറ്റാദായത്തിന്റെ 7.5 ശതമാനമേ പരമാവധി സംഭാവന നൽകാൻ പാടുള്ളൂ എന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. ഇതെല്ലാം സാധ്യമാക്കുന്നതിന് ജനപ്രാതിനിധ്യനിയമവും ആദായനികുതി നിയമവും ഭേദഗതി ചെയ്തു. ഇലക്ടറൽ ബോണ്ട് വഴി കോർപറേറ്റുകൾ നൽകുന്ന പണത്തിന്റെ 90 ശതമാനവും ബിജെപിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. തെരഞ്ഞെടുപ്പ് കമീഷനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും തെരഞ്ഞെടുപ്പ് ബോണ്ടിനെ എതിർത്തിരുന്നു. അതൊന്നും മോഡി സർക്കാർ വകവച്ചില്ല. ഇതാണ് ബിജെപിയുടെ തനിസ്വഭാവം. ഈ പാർടിയാണ് ‘അഴിമതിമുക്ത ഭാരതം’ പ്രഖ്യാപിച്ചത്.
മോഡി സർക്കാർ നടത്തിയ വലിയ അഴിമതിയാണ് റഫേൽ ഇടപാട്. ഫ്രഞ്ച് കമ്പനിയായ ദസോൾട്ടിൽനിന്ന് 126 യുദ്ധവിമാനം വാങ്ങാൻ ഫ്രാൻസ് സർക്കാരുമായി 2012ൽ യുപിഎ സർക്കാർ ധാരണയുണ്ടാക്കിയിരുന്നു. അതു റദ്ദാക്കി ഉയർന്ന വിലയ്ക്ക് 36 ജറ്റ് വിമാനം വാങ്ങാൻ കരാറുണ്ടാക്കി. 36 വിമാനത്തിന് വില 60,000 കോടി രൂപ. യുപിഎ സർക്കാർ ഉറപ്പിച്ച വിലയുടെ മൂന്നിരട്ടി. ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യയിലെ പങ്കാളി പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സായിരുന്നു. ഈ രംഗത്ത് ദീർഘകാല പരിചയമുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിനെ ഒഴിവാക്കി, 2016 ൽ മാത്രം രൂപീകരിച്ച അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് എന്ന കമ്പനിയെ മോഡി കൊണ്ടുവന്നു. ഇത്തരത്തിലുള്ള പല അഴിമതികളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനും വികസന പദ്ധതികൾ സ്തംഭിപ്പിക്കാനും കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി എങ്ങനെ ഉപയോഗിച്ചുവെന്ന് വിശദീകരിക്കേണ്ടതില്ല. കോൺഗ്രസ് അതിനൊക്കെ പൂർണ പിന്തുണ നൽകി. എന്നാൽ, ബിജെപി നേതാക്കൾ ഉൾപ്പെടുന്ന ഒരു കേസും കേന്ദ്ര ഏജൻസി അന്വേഷിക്കില്ല. അന്വേഷിക്കുന്നുണ്ടെങ്കിൽ കുറ്റവാളികളെ രക്ഷിക്കാനുള്ള പ്രഹസനം. കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കെതിരെ ഭൂമി ഇടപാടിലും ഖനി ഇടപാടിലും ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്. ശരിയായ അന്വേഷണത്തിന് സിബിഐയോ മറ്റു ഏജൻസികളോ തയ്യാറായില്ല. ബിജെപിയുടെ ധനസ്രോതസ്സാണ് കർണാടകത്തിലെ ബെല്ലാരി സഹോദരൻമാർ.
ഇവരുടെ 16,000 കോടി രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. സിബിഐ അന്വേഷണം മുന്നോട്ടുപോയില്ല. ഇപ്പോൾ അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ സർമ കോൺഗ്രസിൽനിന്നാണ് ബിജെപിയിലെത്തിയത്. ജലവിതരണ ഇടപാടിലെ വൻതട്ടിപ്പ് സംബന്ധിച്ച അന്വേഷണം അതോടെ ഇല്ലാതായി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാനെതിരെയാണ് വ്യാപം പരീക്ഷാ തട്ടിപ്പുകേസിൽ പ്രധാന ആരോപണം. ഈ അഴിമതി പുറത്തുകൊണ്ടുവരാൻ സഹായിച്ച നാൽപ്പതോളം പേർ പല ഘട്ടങ്ങളിലായി കൊല്ലപ്പെട്ടു. ഒരു അന്വേഷണവുമില്ല. ഇതുപോലെ എത്രയോ കേസുകൾ. കള്ളപ്പണക്കേസുകളും കുഴൽപ്പണ ഇടപാടുകളും അന്വേഷിക്കാനുള്ള കേന്ദ്ര ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊടകര കള്ളപ്പണക്കേസ് ഇത്രയൊക്കെ കോലാഹലമുണ്ടാക്കിയിട്ടും ഇഡി അനങ്ങുന്നില്ല. ഇക്കാര്യത്തിൽ കേന്ദ്രഏജൻസികൾ എങ്ങനെ നീങ്ങും എന്നുതന്നെയാണ് ജനങ്ങൾ നിരീക്ഷിക്കുന്നത്.
ജനപ്രാതിനിധ്യനിയമവും തെരഞ്ഞെടുപ്പ് ചട്ടങ്ങളും തെരഞ്ഞെടുപ്പ് കമീഷന്റെ മാർഗനിർദേശങ്ങളും കാറ്റിൽപ്പറത്തിയാണ് ബിജെപി കേരളത്തിൽ പണമൊഴുക്കിയത്. എന്നാൽ, കമീഷൻ ഇതൊന്നും ശ്രദ്ധിച്ചില്ല. പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിച്ചത്. വയനാട്ടിൽ ഒരാളെ സ്ഥാനാർഥിയാക്കാനാണ് പണം ഉപയോഗിച്ചതെങ്കിൽ കാസർകോട്ട് ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ നാമനിർദേശപത്രിക സമർപ്പിച്ച വ്യക്തിയെ പിൻമാറ്റാനാണ് പണം കൊടുത്തത്. ബിജെപി നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളെ എ, ബി, സി എന്ന് തരംതിരിച്ചിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കള്ളപ്പണത്തിന്റെ തോത് നിർണയിക്കാനാണ് ഈ തരംതിരിവ്. അതെന്തെങ്കിലുമാകട്ടെ, അഴിമതിയിലൂടെ സമാഹരിക്കുന്ന പണമാണ് ഒഴുക്കുന്നതെന്നാണ് ഗൗരവമുള്ള കാര്യം. വിജയിക്കാനും എതിർകക്ഷികളിലുള്ളവരെ ചാക്കിട്ടുപിടിക്കാനും സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുമാണ് കള്ളപ്പണം ഉപയോഗിക്കുന്നത്.
പാർലമെന്റ് അംഗങ്ങൾക്കിടയിൽ ശതകോടീശ്വരൻമാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു അവസ്ഥയിൽ ഇടതുപക്ഷ സ്ഥാനാർഥികൾക്ക് പണാധിപത്യത്തിനോട് മത്സരിച്ച് തെരഞ്ഞെടുപ്പിൽ വിജയിച്ച് കയറാൻ കഴിയാത്ത സ്ഥിതിയും പൊതുവേ വന്നുചേരുന്നുണ്ട്. നമ്മുടെ ജനാധിപത്യ വ്യവസ്ഥയെത്തന്നെ അപ്രസക്തമാക്കുന്ന ഘടകങ്ങളാണ് ഇതെല്ലാം.
35 മണ്ഡലത്തിൽ വിജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിക്കുകയുണ്ടായി. കള്ളപ്പണ കരുത്തിൽ നിന്നാണ് ആ ആത്മവിശ്വാസം പ്രകടിപ്പിക്കപ്പെട്ടത്. ബിജെപിയിൽ ഇല്ലാത്ത നൻമ പ്രതീക്ഷിച്ച് ചിലർ അവരുടെ സ്ഥാനാർഥികളായി. ഇത്തരത്തിൽ മത്സരിച്ച സ്ഥാനാർഥികളിൽ അറിയപ്പെടുന്ന ചില മുൻ ബ്യൂറോക്രാറ്റുകളും മുൻ പൊലീസ് മേധാവികളും ഇ ശ്രീധരനെപ്പോലുള്ള സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ടിരുന്നു. ഇവരിൽ പലരും കൂടുതൽ പണം ചെലവഴിച്ച എ ക്ലാസ് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഈ കുഴൽപ്പണവിതരണ പരിപാടി ഇവർ മത്സരിച്ച മണ്ഡലങ്ങളിലും സ്വാഭാവികമായും നടന്നിട്ടുണ്ട്. ഈ കള്ളപ്പണവിതരണത്തിലെ പങ്ക് മണ്ഡലങ്ങളിൽ എങ്ങനെയാണ് ചെലവഴിച്ചതെന്നറിയാൻ കേരളീയ സമൂഹത്തിന് താൽപ്പര്യമുണ്ട്. അവർ അത് വ്യക്തമാക്കണം.
പണത്തിന്റെ കുത്തൊഴുക്കിനെയും അപവാദങ്ങളുടെ കൊടുങ്കാറ്റിനെയും അതിജീവിച്ചാണ് കേരളത്തിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വന്നത്. കേരളത്തിലെ ജനങ്ങൾക്ക് അഭിമാനിക്കാം. ഒരു ബിജെപിക്കാരനെയും അവർ നിയമസഭയിലേക്ക് കയറ്റിയില്ല. ബിജെപിയുടെ വോട്ട് വിഹിതത്തിൽ വലിയ ഇടിവുണ്ടായി. വർഗീയത മാത്രമല്ല, അഴിമതിയും ബിജെപിയുടെ മുഖമുദ്രയാണെന്ന് ജനം കൂടുതൽ കൂടുതൽ തിരിച്ചറിയും. ജനങ്ങളുടെ ഉയർന്ന ജാഗ്രതയാണ് ഈ സാഹചര്യത്തിൽ ആവശ്യം. ജനാധിപത്യവ്യവസ്ഥ അട്ടിമറിക്കാനും ദുർബലമാക്കാനും കേന്ദ്രഭരണകക്ഷി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിന്റെ മുമ്പിൽ കമ്യൂണിസ്റ്റുകാരും ഇടതുപക്ഷത്തുള്ള മുഴുവൻ പേരും അണിനിരക്കണം.