40 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ.
അരീക്കോട്: പുത്തലം കൈപ്പകുളത്ത് 40 കിലോ കഞ്ചാവുമായി മൂന്നുപേർ എക്സൈസ് പിടിയിൽ. പിക്കപ് വാഹനത്തിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മുതുവല്ലൂർ വിളയിൽ കുന്നത്ത് വീട്ടിൽ കെ. ഷിഹാബുദ്ദീൻ, വയനാട് വൈത്തിരി താലൂക്കിലെ പൊഴുതന വില്ലേജിലെ ‘നിവേദ്യം’ വീട്ടിൽ രഞ്ജിത്ത്, കുഴിമണ്ണ സ്വദേശി കുറ്റിക്കാട്ടിൽ വീട്ടിൽ ഇർഷാദ് എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ നിഗീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലർച്ച 3.30ന് മലപ്പുറം ഇൻറലിജൻസ് ബ്യൂറോയും എക്സൈസ് കമീഷണറുടെ ഉത്തര മേഖല സ്ക്വാഡും മഞ്ചേരി എക്സൈസ് സർക്കിൾ സംഘവും സംയുക്തമായി ‘ഓപറേഷൻ ലോക് ഡൗണിന്റെ ഭാഗമായി അരീക്കോട്ട് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
ലോക്ഡൗൺ സമയത്ത് സംഘം വൻതോതിൽ ആന്ധ്രയിൽനിന്ന് കഞ്ചാവ് ശേഖരിച്ച് അരീക്കോട്, വിളയിൽ, പള്ളിക്കൽ ബസാർ, നിരോട്ടിക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതായി എക്സൈസ് ഷാഡോ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് ഈ മേഖലകളിൽ നിരീക്ഷണം നടത്തി.
സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും അവരെ വരുംദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. രഞ്ജിത്ത് നേരത്തേ 100 കിലോയിലധികം കഞ്ചാവ് കടത്തിയ കുറ്റത്തിന് വയനാട്ടിൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും കടത്തിയത്.