ഇരിമ്പിളിയം – എടയൂർ – വളാഞ്ചേരി കുടിവെള്ള പദ്ധതി അടുത്ത വർഷം അവസാനത്തോടെ കമ്മീഷൻ ചെയ്യും – പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
പദ്ധതി പ്രവർത്തനങ്ങൾ എം.എൽ.എ നേരിട്ട് വിലയിരുത്തി
എടയൂർ: ഇരിമ്പിളിയം – എടയൂർ – വളാഞ്ചേരി കുടിവെള്ള പദ്ധതി പ്രവർത്തനങ്ങൾ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നേരിട്ട് വിലയിരുത്തി. പൂക്കാട്ടിരി സഫ കോളേജിന് സമീപം നിർമ്മിക്കുന്ന വാട്ടർ ടാങ്കിന്റെ നിർമ്മാണവും പ്രവർത്തനങ്ങളും ജനപ്രതിനിധികളോടൊപ്പമാണ് എം.എൽ.എ വിലയിരുത്തിയത്. പുക്കാട്ടിരിയിലെ ടാങ്കും ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരിയിൽ ജലശുദ്ധീകരണത്തിനായി നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ട്രീറ്റ് മെന്റ് പ്ലാന്റും അടുത്തവർഷത്തോടെ കമ്മീഷൻ ചെയ്യും. ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരിയിലുള്ള
ട്രീറ്റ്മെന്റ് പ്ലാന്റിന് 36 ലക്ഷം ലിറ്ററും പൂക്കാട്ടിരി സഫ കോളേജിന് സമീപമുള്ള ടാങ്കിന് 23 ലക്ഷം ലിറ്ററും സംഭരണശേഷിയാണുള്ളത്. മങ്കേരിയിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും പൂക്കാട്ടിരിയിലെ ജലസംഭരണിയിലേക്കുള്ള എട്ടര കിലോമീറ്ററോളം ദൂരത്തിൽ മെയിൻ പൈപ്പ്ലൈൻ സ്ഥാപിക്കുന്ന പണി ചെറിയ ഭാഗങ്ങളിലൊഴികെ പൂർത്തീകരിച്ചിട്ടുണ്ട്.
2017 ഫെബ്രുവരി 13 ന് ബജറ്റിൽ ഉൾപ്പെടുത്തേണ്ട പ്രവൃത്തികൾ ഉള്ളടക്കം ചെയ്ത് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നൽകിയ കത്ത് പ്രകാരം പദ്ധതി 2017-2018 കിഫ്ബിയിൽ ഉൾപ്പെടുത്തി സർക്കാർ 75 കോടി രൂപക്ക് ഭരണാനുമതി നൽകിയത്.2010 – 2015 കാലയളവിലെ എsയൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. അന്ന്
3 ലക്ഷം രൂപ ഇതിൻ്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വകയിരുത്തുകയും സഫ കോളേജിൽ ടാങ്കിനാവശ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു . അന്നത്തെ ഭരണസമിതിയുടെ കാലത്ത്
സഫ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് ട്രസ്റ്റിന്റെ മുൻ ചെയർമാനായിരുന്ന ഇപ്പ കാക്ക (വി.പി മൊയ്തീൻ കുട്ടി ) പഞ്ചായത്തിന് കൈമാറിയ
50 സെൻ്റ് സ്ഥലത്താണ് ഇപ്പോൾ ടാങ്ക് നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നത്.
അബ്ദുസമദ് സമദാനി എം.എൽ.എയായിരുന്നപ്പോഴും തുടർന്ന് വന്ന ഭരണ സമിതികളും പദ്ധതിയുടെ നടത്തിപ്പിനായി ഇടപെടലുകൾ ചെയ്തിരുന്നു.
പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും അതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ജലവിഭവ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ഹസീന ഇബ്രാഹീം , വൈസ്പ്രസിഡന്റ് കെ.പി വേലായുധൻ, പഞ്ചായത്ത് മെമ്പർ പി.ടി അയ്യൂബ് മൊയ്തു എടയൂർ, കെ.കെ.മോഹന കൃഷ്ണൻ ,അസീസ് കോടിയിൽ, പി.ഷെരീഫ് മാസ്റ്റർ, വി.പി.അബ്ദുൽ റഷീദ് , , സഫ കോളേജ് ചെയർമാൻ വി.പി.യാസർ, കോളേജ് പ്രിൻസിപ്പാൾ ഷമീർ എന്നിവർ പങ്കെടുത്തു.