പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കടിഞ്ഞാൺ; ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യം റദ്ദ് ചെയ്തു
വിവിധ വിഭാഗങ്ങൾക്കിടയിലെ സാഹോദര്യവും സൗഹാർദവും നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പി എഫ് ഐ ഏർപ്പെട്ടിരിക്കുന്നതായും കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി ആദായ നികുതി വകുപ്പ്. സംഘടനയ്ക്ക് ലഭിച്ചു വന്നിരുന്ന ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യം വകുപ്പ് റദ്ദ് ചെയ്തു. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ആനുകൂല്യം ലഭ്യമാക്കുന്നുവെന്നും ഇതുവഴി ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ഫണ്ടുകൾക്കുമുള്ള സംഭാവനകൾക്ക് സംഘടനകൾക്ക് ആദായ നികുതി നിയമത്തിലെ 80 ജി പ്രകാരം ഇളവുകൾ ലഭിക്കും.
ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ ലഭ്യമാക്കിയെന്ന് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. 1961ലെ ആദായ നികുതി വകുപ്പിന്റെ 13(1)(b), 12AA(4)(a) വകുപ്പുകളുടെ ലംഘനമാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 2021 മാർച്ച് 22നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.
1961ലെ ആദായ നികുതി നിയമപ്രകാരം U/s 12A r.w.s. 12AA അനുസരിച്ച് 2012 ആഗസ്റ്റ് 28ന് രജിസ്റ്റർ ചെയ്ത (നം- പി-1589648) സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. ആദായ നികുതിയിൽ ഇളവ് അനുവദിക്കുന്ന 80 ജി ആനുകൂല്യം സംഘടനയ്ക്കും ലഭിച്ചിരുന്നു. 2013-14 മുതൽ 2020-21 വരെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. നിയമത്തിലെ 12AA (3) രജിസ്ട്രേഷൻ റദ്ദാക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായി അസെസ്സി സൊസൈറ്റിയുടെ മെമ്മോറാണ്ടത്തിൽ നിന്ന് കണ്ടെത്തിയതായും ചൂണ്ടിക്കാട്ടുന്നു.
വിവിധ വിഭാഗങ്ങൾക്കിടയിലെ സാഹോദര്യവും സൗഹാർദവും നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പി എഫ് ഐ ഏർപ്പെട്ടിരിക്കുന്നതായും കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
ജൂൺ 14 ന് കൊല്ലം ജില്ലയിലെ പത്തനാപുരത്തെ പാടം വനമേഖലയിൽ നിന്ന് രണ്ട് ജെലാറ്റിൻ സ്റ്റിക്കുകൾ, നാല് ഡിറ്റനേറ്ററുകൾ, ബാറ്ററി, വയറുകൾ എന്നിവയുൾപ്പെടെയുള്ള വലിയ സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തിരുന്നു. കേരള വനം വികസന കോർപറേഷന്റെ കീഴിൽ വരുന്ന കശുവണ്ടി തോട്ടത്തിൽ നിന്നാണ് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. ഉത്തർപ്രദേശിൽ അറസ്റ്റിലായ തീവ്രവാദികളിൽ നിന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നുവെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം.
രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താൻ വനമേഖലയിലെ ഭാഗങ്ങളിൽ കേഡർമാർക്ക് കരായിക പരിശീലനം നൽകുന്നതിൽ പിഎഫ്‌ഐ ഏർപ്പെട്ടിരിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെന്ന് വാർത്താ ഏജൻസിയായ യുഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
English Summary: The Income Tax Department has cancelled 80 G benefit enjoyed by Popular Front of India (PFI) citing violation of Income Tax rules benefiting to a particular society. According to an official order, the PFI has applied the benefits to one particular religious community violating section 13(1)(b) of the IT Act, 1961, attracting the provisions of section 12AA(4)(a) of the IT Act. The activities of the PFI are not genuine in the context of section 12AA(3) of 1T Act 1961, the IT department pointed out in its order dated March 22, 2021.