ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നു, വലിയ തിരക്ക്, സാമൂഹിക അകലം പാലിച്ച് വരിനിന്ന് ആവശ്യക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നു. ആഴ്ചകള്‍ക്ക് ശേഷം തുറന്ന മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ മുന്നില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ആളുകള്‍ വരിനില്‍ക്കുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്.
രാവിലെ 11 മണിയോടെ ബാറുകളും ബിയര്‍ വൈന്‍ കടകളും തുറക്കും. ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. ബാറുകളില്‍ നിന്നും പാഴ്സലായി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പ് വരുത്തി വില്‍പ്പന നടത്തണം എന്നാണ് നിര്‍ദ്ദേശം.
മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യത കണക്കിലെത്ത് കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്. 20 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍. ഉള്ള സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കില്ല.
നേരത്തെ, ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തായിരിക്കും മദ്യ വില്‍പ്പന എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ബെവ്ക്യൂ ആപ്പിന്റെ പ്രതിനിധികള്‍ ബീവറേജസ് കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയിരുന്നു. ആപ്പ് ഉടന്‍ സജ്ജമാക്കുന്നതിന് ചില പ്രായോഗിക തടസങ്ങളുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആപ്പുമായി മുന്നോട്ട് പോയാല്‍ മദ്യശാലകള്‍ ഉടന്‍ തുറക്കാന്‍ സാധിക്കില്ല എന്ന ബോധ്യത്തിലേക്ക് എത്തിയതിനേ തുടര്‍ന്നാണ് ആപ്പ് ഒഴിവാക്കിയത്