ദൃശ്യ കൊലക്കേസ്: പ്രതി വിനീഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; രോഷാകുലരായി നാട്ടുകാർ.

കൈയിൽ കരുതിയിരുന്ന കത്തിക്ക് മൂർച്ച പോരെന്ന് കണ്ട് അടുക്കളയിൽ നിന്ന് കത്തി എടുക്കുക ആയിരുന്നു. തുടർന്ന് ഉറങ്ങിക്കിടന്ന ദൃശ്യയെ കുത്തിക്കൊന്നു. അനിയത്തി ദേവി ശ്രീയെ കുത്തി വീഴ്ത്തി.

മലപ്പുറം: ഏലംകുളം ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷിനെ ദൃശ്യയുടെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതി ഉപയോഗിച്ച മാസ്ക്, ചെരിപ്പ്, ദൃശ്യയുടെ അച്ഛന്റെ കട കത്തിക്കാനുപയോഗിച്ച ലൈറ്റർ ഉൾപ്പെടെയുള്ളവ കണ്ടെടുത്തു. തെളിവെടുപ്പ് മൂന്ന് മണിക്കൂറോളം നീണ്ടു.

രാവിലെ 10 മണിയോടെ ആണ് പ്രതി വിനീഷിനെ പെരിന്തൽമണ്ണയിൽ നിന്നും ഏലംകുളത്തെ ദൃശ്യയുടെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് ആരംഭിച്ചത്. പ്രതിയെ കൊണ്ടു വരുന്നത് അറിഞ്ഞ് ഒരുപാട് ആളുകൾ വീടിന് ചുറ്റും തടിച്ച് കൂടിയിരുന്നു. 

ജനരോഷം കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. എങ്ങനെയാണ് കൃത്യം നടത്തിയത് എന്ന് വിനീഷ് പൊലീസിനോട് വിശദീകരിച്ച് കാണിച്ച് കൊടുത്തു. ഒരു മണിക്കൂറിലധികം പ്രതി ദൃശ്യയുടെ വീടിനകത്ത് ചിലവഴിച്ചിട്ടുണ്ട്.

രാത്രി 15 കിലോമീറ്ററോളം ദൂരം നടന്ന് ആണ് വിനീഷ് ഇവിടെ വന്നത്. വീടിന് അടുത്തുള്ള ഷെഡിൽ ഒളിച്ചിരുന്നു. ആരും കാണാതെ പിൻവാതിലിലൂടെ വീടിന് ഉള്ളിൽ കയറി. ആദ്യം അടുക്കളയിൽ നിന്ന് കത്തി എടുക്കുക ആണ് ചെയ്തത്. കയ്യിൽ ഉണ്ടായിരുന്ന കത്തിക്ക് മൂർച്ച പോര എന്ന് കണ്ട് അടുക്കളയിൽ നിന്ന് വേറെ കത്തി എടുക്കുക ആയിരുന്നു. പിന്നീട് മുകൾ നിലയിൽ ഉള്ള മുറിയിൽ കയറി ഒളിച്ചിരുന്നു.

പിന്നീട് താഴേക്ക് വന്ന് ദൃശ്യ ഉറങ്ങുന്ന മുറിയിൽ കയറി. ഇവിടെ എത്തിയ ദൃശ്യയുടെ അനിയത്തി ദേവി ശ്രീയെ ആണ് ആദ്യം അക്രമിച്ചത്. അതിന് ശേഷം ഉറങ്ങിക്കിടന്ന ദൃശ്യയെ നിരവധി തവണ കുത്തി. മുൻ വശത്തെ വാതിൽ വഴി അരമതിൽ ചാടി കടന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പിൽ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു . പിന്നീട് അടുത്ത പറമ്പിലൂടെ വയൽ വഴി ഓടി രക്ഷപ്പെട്ടു- പെരിന്തൽമണ്ണ ഡിവൈഎസ്പി കെ.എം. ദേവസ്യ വിശദീകരിച്ചു.

ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രൻ്റെ പെരിന്തൽമണ്ണയിലെ വ്യാപാര സ്ഥാപനത്തിന് തീ കൊടുക്കാനുപയോഗിച്ച ലൈറ്റർ വീട്ടിൽ നിന്നും കണ്ടെടുത്തു. പ്രതി ഉപേക്ഷിച്ച ചെരിപ്പും മാസ്കും കണ്ടെടുത്തു . വീട്ടിലെ തെളിവെടുപ്പിന് ശേഷം വിനീഷിനെ പരിസര പ്രദേശങ്ങളിലും കൊണ്ടുപോയി. രക്ഷപ്പെടാൻ പോയ വഴികളും സ്ഥലങ്ങളും പ്രതി കാണിച്ച് കൊടുത്തു. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ആയിരുന്നു തെളിവെടുപ്പ്.

നൂറുകണക്കിന് ആളുകളാണ് പ്രതിയെ കാണാൻ തെളിവെടുപ്പ് തീരുന്നതുവരെ കാത്തുനിന്നത്. ഇതാണ് പ്രതിയെന്ന് പോലീസ് നാട്ടുകാരോട് പറഞ്ഞു. മാസ്ക് മാറ്റി മുഖവും കാണിച്ച് കൊടുത്തു. വിശദമായ ചോദ്യം ചെയ്യലിനായി കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.