മാസ്‌കില്ലാത്തതിന് വയോധികയോടുള്ള ഇടപെടലില്‍ വ്യാപക പ്രതിഷേധം; വിശദീകരണവുമായി ഉദ്യോഗസ്ഥർ
മകന്റെ വീട്ടിലേക്ക് കുളിക്കാൻ പോകുന്നതിനിടെ സെക്ടറൽ മജിസ്‌ട്രേറ്റ് നടപടിയെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനം
മാസ്കില്ലാത്തതിന്റെ പേരിൽ വയോധികയ്ക്കെതിരായി സെക്ട്രൽ മജിസ്ട്രേറ്റ് നടപടിയെടുത്തെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം. എന്നാൽ പിഴ ഈടാക്കിയിട്ടില്ലെന്നും വീട്ടുകാർ ജാഗ്രത പുലർത്താൻ വേണ്ടിയാണ് പേപ്പറിൽ താക്കീത് എഴുതി നൽകിയതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
മലപ്പുറം എടക്കര മൂത്തേടം ചോളമുണ്ട സ്വദേശി ആയിഷയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വയോധികയോടുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. മാസ്ക് വെക്കാത്തതിനെ തുടർന്ന് വയോധികയിൽനിന്ന് പിഴ ഈടാക്കിയെന്നാണ് ആരോപണം. മകന്റെ വീട്ടിലേക്ക് കുളിക്കാൻ പോകുകയാണ് താനെന്നാണ് ആയിഷ പറഞ്ഞത്.
എന്നാൽ പിഴ ഈടാക്കിയിട്ടില്ലെന്നും വീട്ടുകാർ ജാഗ്രത പുലർത്താൻ വേണ്ടി മാത്രം എഴുതി നൽകിയതെന്നുമാണ് സെക്ട്രൽ മജിസ്ട്രേറ്റ് വിശദീകരിച്ചു.
വീഡിയോ എടുത്തത് താനോ കൂടെയുള്ള ഉദ്യോഗസ്ഥരോ അറിഞ്ഞിരുന്നില്ലെന്നും അവകാശപ്പെട്ടു. അതേസമയം കൗതുകത്തിന് വേണ്ടിയാണ് താൻ വീഡിയോ ചിത്രീകരിച്ചതെന്ന് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ ഹംസ പറഞ്ഞു. തന്റെ വീട്ടുകാർക്ക് കാണാൻ വേണ്ടിയാണ് വീഡിയോ എടുത്തത്. അത് സാമൂഹിക മാധ്യമങ്ങളിൽ താൻ പ്രചരിപ്പിച്ചിട്ടില്ലെന്നും ഹംസ പറഞ്ഞു.