കുഴഞ്ഞുവീണ് മരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചേര്‍ത്തല: കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച പ്രകൃതി ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍(65)ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്‌. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

 

 

തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ വച്ച് ശനിയാഴ്ച രാത്രിയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്‌. പോസ്റ്റ്‌മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെമുതല്‍ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു.

 

കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍ 20 വര്‍ഷമായി ചേര്‍ത്തലയിലായിരുന്നു താമസം. അത്ഭുതചികിത്സകള്‍ നടത്തിയെന്ന അവകാശവാദങ്ങളുടെ പേരില്‍ ഒട്ടേറെത്തവണ വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്.

 

പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ചിരുന്ന ഒന്നരവയസ്സുണ്ടായിരുന്ന കുട്ടിയെ അശാസ്ത്രീയ ചികിത്സനല്‍കി മരണത്തിനിടയാക്കി എന്ന സംഭവത്തില്‍ മോഹനന്‍ വൈദ്യരുടെ പേരില്‍ പോലീസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നു. നിപ വൈറസ് ആരോഗ്യവകുപ്പിന്റെയും മരുന്നുകമ്പനികളുടെയും ഗൂഢാലോചനയാണെന്നു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും കേസുണ്ട്. കൊറോണ വൈറസ്ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന് വൈദ്യരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിനെ ചികിത്സ നടത്തുന്നതില്‍നിന്ന് ആരോഗ്യവകുപ്പ് വിലക്കി.

 

ഭാര്യ: ലത. മക്കള്‍: രാജീവ്, ബിന്ദു. മരുമകന്‍: പ്രശാന്ത്.