വിസ്മയയുടെ മരണം; വാഹനവകുപ്പ്​ ഉദ്യോഗസ്​ഥൻ കിരൺ കുമാർ അറസ്റ്റിൽ.

കിരണിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് ശൂരനാട്​​ പൊലീസ്​ അറിയിച്ചു.

തിരുവനന്തപുരം: ശാസ്​താംകോട്ടയിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും വാഹനവകുപ്പ്​ ഉദ്യോഗസ്​ഥനുമായ കിരൺ കുമാർ അറസ്റ്റിൽ. ഗാർഹിക പീഡനം, സ്​ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ പ്രകാരമാണ്​ ഇയാൾക്കെതിരെ കേസ്​ എടുത്തിട്ടുള്ളത്​.

കിരണിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് ശൂരനാട്​​ പൊലീസ്​ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ്​ അസി. മോ​ട്ടോർ വെഹിക്കിൾ ഇൻസ്​പെക്​ടറായ കിരൺ കുമാറിനെ കസ്റ്റഡിയിലെടുത്തത്​.

2020 മേയ് 31നാണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ എസ്.വി. വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ എസ്. കിരൺകുമാർ വിവാഹം കഴിച്ചത്. കിരൺ വിസ്​മയയെ സ്​ഥിരമായി മർദിക്കാറുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്​.

കഴിഞ്ഞദിവസാണ്​ വിസ്​മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. മകളുടെ മരണം കൊലപാതകമാണെന്ന്​ വിസ്​മയയുടെ മാതാക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ കേ​സെടുക്കണമെന്ന്​ വനിത കമീഷനും ആവശ്യപ്പെട്ടിട്ടുണ്ട്​.