എം എൽ എ വാക്ക് പാലിച്ചു; 105 സ്മാർട്ട് ഫോണുകൾ കൈമാറി.

തിരൂർ: തവനൂർ മണ്ഡലത്തിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകുന്ന “സ്മാർട്ട് തവനൂർ ചാലഞ്ചിലേക്ക്” ഓരോ പഞ്ചായത്തിലേക്കും15 എണ്ണം വീതം 105 സ്മാർട്ട് ഫോണുകൾ എടപ്പാൾ, തിരൂർ ബി.ആർ.സി കളുടെ ചുമതലക്കാർക്ക് ഡോ: കെ.ടി. ജലീൽ എം.എൽ.എ ഇന്ന് കൈമാറി.

കഴിഞ്ഞ ആഴ്ച യോഗം ചേർന്ന് എടുത്ത തീരുമാനമാണ് ഇതോടെ യാഥാർത്ഥ്യമായത്. തവനൂർ നിയോജക മണ്ഡലം MLA 105 എണ്ണവും മുഴുവൻ ഗവ:, എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരും ജനപ്രതിനിധികളും ഓരോ സ്മാർട്ട് ഫോണുകൾ വീതവും സംഘടിപ്പിച്ചു നൽകണമെന്നായിരുന്നു തിരൂർ ഡി.ഇ.ഒയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ഡോ: കെ.ടി. ജലീൽ നിർദ്ദേശിച്ചത്. പ്രസ്തുത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ കൈമാറ്റം നടന്നത്.

എടപ്പാൾ ബി.ആർ.സിയിൽ വെച്ചു നടന്ന ഹ്രസ്വമായ ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: മോഹൻദാസ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ ശിവദാസൻ എന്ന ബാബു, ഫുക്കാർ, തിരൂർ ഡി.ഇ.ഒ രമേശ് കുമാർ, എടപ്പാൾ, തിരൂർ എ.ഇ.ഒ മാർ, അദ്ധ്യാപക പ്രതിനിധികൾ എന്നിവരും സ്മാർട്ട് ഫോൺ കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.

പറഞ്ഞ വാക്ക് പാലിക്കാനായതിൽ അളവറ്റ സന്തോഷമുണ്ടെന്ന് ജലീൽ വിതരണോൽഘാടന പരിപാടിയിൽ അഭിപ്രായപ്പെട്ടു.