വിസ്‍മയയുടെ മരണം; ഭര്‍ത്താവ് കിരണിന്‍റെ തൊപ്പി തെറിക്കും.
സസ്‍പെന്‍ഷനിലേക്കെന്ന് സൂചന വിസ്‍മയ എന്ന യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെതിരെ വകുപ്പുതല നടപടിക്കുള്ള നീക്കം പുരോഗമിക്കുന്നു
കൊല്ലം: ശാസ്‍താകോട്ടയ്ക്കടുത്ത് ശാസ്‍താംനടയിൽ വിസ്‍മയ എന്ന യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെതിരെ വകുപ്പുതല നടപടിക്കുള്ള നീക്കം പുരോഗമിക്കുന്നതായി സൂചന. മോട്ടോര്‍വാഹന വകുപ്പില്‍ എഎംവിഐ ആയ കിരണിനെ ഉടന്‍ സസ്‍പെന്‍ഡ് ചെയ്യുമെന്നും ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി പുരോഗമിക്കുകയാണെന്നും മോട്ടോര്‍വാഹന വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ സിറ്റി സ്ക്കാൻ ഓണ്‍ലൈനിനോട് പറഞ്ഞു. നിലവില്‍ പൊലീസ് കസ്റ്റഡിയിലായ കിരണിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ക്കെതിരെ കേസെടുത്താല്‍ ഉടന്‍ സസ്‍പെന്‍ഡ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. സസ്‍പെന്‍ഷന്‍ ആദ്യഘട്ട നടപടി മാത്രമായിരിക്കുമെന്നും കേസിന്‍റെ പുരോഗതിക്ക് അനുസരിച്ച് ഭാവിയില്‍ ഇയാളെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുന്നത് ഉള്‍പ്പെടുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും ഉന്നതോദ്യോഗസ്ഥന്‍ സിറ്റി സ്ക്കാൻ ന്യൂസ്ഓണ്‍ലൈനിനോട് വ്യക്തമാക്കി.
ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്ന ചിത്രങ്ങള്‍ സഹിതമുള്ള വിസ്‍മയയുടെ വാട്‍സാപ്പ് സന്ദേശങ്ങൾ പുറത്തായതോടെ സംസ്ഥാനത്താകെ നൊമ്പരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഈ യുവതി. കിരണിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്നത്. മോട്ടോര്‍വാഹന വകുപ്പിലെ സഹപ്രവര്‍ത്തകരുടെ ഇടയിലും കടുത്ത അമര്‍ഷമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്. കടുത്ത ഞെട്ടലിലാണ് പലരും. ഇയാള്‍ കാരണം വകുപ്പിനാകെ വന്‍ മാനക്കേടാണ് ഉണ്ടായിരിക്കുന്നതെന്ന വികാരമാണ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‍പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാരും ക്ലറിക്കല്‍ ജീവനക്കാരുമൊക്കെ പങ്കുവയ്ക്കുന്നത്. ഔദ്യോഗിക വേഷത്തില്‍, ഡിപ്പാര്‍ട്ട്മെന്‍റ് വാഹനത്തിനൊപ്പമുള്ള കിരണിന്‍റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത് കടുത്ത നാണക്കേടാണ് തങ്ങള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാനാണ് നീക്കം.
2018 നവംബറിലാണ് അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‍പെക്ടറായി കിരണ്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. നിലവില്‍ എന്‍ഫോഴ്‍സ്‍മെന്‍റ് സ്‍ക്വാഡിലാണ് കിരണ്‍ ജോലി ചെയ്‍തിരുന്നത്. ഇയാള്‍ പലപ്പോഴും മോശമായി പെരുമാറുമായിരുന്നുവെന്ന് ഒപ്പം ജോലി ചെയ്‍തിരുന്നവരില്‍ പലരും പറയുന്നു. വിസ്‍മയ മരിച്ചതിന് പിന്നാലെ ഒളിവില്‍പ്പോയ കിരണ്‍ യുവതിയുടെ സംസ്‍കാരം കഴിഞ്ഞയുടന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് കിരൺകുമാർ ശൂരനാട് പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
ഇതുവരെ സംഭവത്തിൽ കേസെടുത്തിട്ടില്ല. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മരണകാരണം വ്യക്തമായാല്‍ ഉടന്‍ കേസെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം. മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് ലഭിക്കും. ഗാർഹിക പീഡന നിയമപ്രകാരമുള്ള കേസ് കിരണിനെതിരെ ചുമത്തുമെന്നാണ് സൂചന. കേസെടുക്കുന്നതു വരെ കാത്തു നില്‍ക്കാതെ ഇയാള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിലെ ഒരു വിഭാഗം സമ്മര്‍ദ്ദം ചെലുത്തുന്നതായും സൂചനകളുണ്ട്. എന്തായാലും ഒരുകാരണവശാലും യാതൊരുവിധ സഹായവും ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഭാഗത്തുനിന്ന് കിരണിന് അനുകൂലമായി ഉണ്ടാകില്ലെന്ന് ഉന്നതോദ്യോഗസ്ഥരും ഉറപ്പിച്ചു പറയുന്നു.
കൊല്ലം നിലമേൽ കൈതോട് സ്വദേശിനിയാണ് 24 കാരിയായ വിസ്‍മയ. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ചാണ് വിസ്‍മയയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്‍മയയുടെ വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനമാണ് യുവതിക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറ് പവൻ സ്വർണവും 1. 25 ഏക്കര്‍ സ്ഥലവും ഒപ്പം പത്തുലക്ഷം രൂപ വിലയുള്ള ഒരു കാറുമായിരുന്നു വിസ്‍മയയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നത്. എന്നാൽ നല്‍കിയ കാറ് കിരണിന് ഇഷ്‍ടപ്പെടാതെ വന്നതോടെയാണ് ക്രൂരപീഡനങ്ങള്‍ക്ക് തുടക്കമായത്. കാറിന്റെ പേരിൽ കിരൺ നിരന്തരം വിസ്‍മയയെ ഉപദ്രവിക്കാൻ തുടങ്ങിയെന്ന് വിസ്‍മയയുടെ പിതാവ് ത്രിവിക്രമൻ നായർ സിറ്റി സ്ക്കാൻ ന്യൂസിനോട് പറഞ്ഞു.
കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്‍റെ ആവശ്യം. അത് മകള്‍ തന്നോട് പറഞ്ഞു. എന്നാൽ സിസിയിട്ട് വാങ്ങിയ കാറാണെന്നും വിൽക്കാൻ കഴിയില്ലെന്നും മകളോട് താൻ പറഞ്ഞു. അതോടെ ആ കാര്യം പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങി. സിസി ഇട്ട് വാങ്ങിയതാണ് കാറെന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ ജനുവരിൽ രാത്രി 1 മണിയോടെ കിരൺ മകളുമായി വീട്ടിലെത്തി. വണ്ടി വീട്ടിൽ കൊണ്ടെയിട്ടു. മകളെ അവിടെ വെച്ച് അടിച്ചു. തടയാൻ ശ്രമിച്ച വിസ്‍മയയുടെ സഹോദരനെയും അടിച്ചു. അതോടെ പൊലീസില്‍ പരാതി നൽകി. ആ പൊലീസ് സ്റ്റേഷനിലെ എസ് ഐയെ കിരൺ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പിതാവ് പറയുന്നു. പരിശോധനയിൽ കിരൺ മദ്യപിച്ചിരിക്കുകയാണെന്ന് തെളിഞ്ഞു. അവിടത്തെ സിഐ പറഞ്ഞത് അനുസരിച്ച് എഴുതി ഒപ്പിട്ട് നൽകിയ ശേഷമാണ് അവനെ വിട്ടയച്ചത്. അതിന് ശേഷം കുറച്ച് ദിവസം മകൾ സ്വന്തം വീട്ടിലായിരുന്നു. എന്നാൽ പരീക്ഷാ സമയമായതോടെ കിരൺ ആ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയതായിരുന്നുവെന്നും ത്രിവിക്രമൻ നായർ പറയുന്നു.
ഏറ്റുവാങ്ങിക്കൊണ്ടിരുന്ന ക്രൂര മർദ്ദനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വിസ്‍മയ ബന്ധുക്കൾക്ക് അയച്ച വാട്‍സാപ്പ് സന്ദേശങ്ങളിലൂടെ പുറംലോകം അറിഞ്ഞത്. യുവതിയുടെ കയ്യിലും മുഖത്തുമടക്കം അടി കൊണ്ട് കരുവാളിച്ചതിന്‍റെ പാടുകളുണ്ട്. ഭർത്താവ് വീട്ടിൽ വന്നാൽ അടിക്കുമെന്നും തനിക്ക് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് തന്നെയും അച്ഛനെയും ഭര്‍ത്താവ് തെറി വിളിച്ചെന്നും ബന്ധുവിനോടുള്ള ചാറ്റിൽ വിസ്‍മയ പറഞ്ഞിരുന്നു.