ഓൺലൈൻ ക്ലാസ്: പഠന സൗകര്യങ്ങളില്ലാതെ ജില്ലയിൽ 2,252 കുട്ടികൾ.

വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾക്ക് പുറമെ അതത് സ്കൂളുകളിലെ അദ്ധ്യാപക‌ർ പ്രത്യേകം ക്ലാസെടുക്കണമെന്ന നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്.

മലപ്പുറം: ഓൺലൈൻ ക്ലാസ് തുടങ്ങി ഒരുമാസം ആവാറായിട്ടും പഠന സൗകര്യങ്ങളില്ലാതെ ജില്ലയിൽ 2,​252 കുട്ടികൾ. സഹപാഠികൾ ഓൺലൈൻ പഠനത്തിൽ സജീവമാകുമ്പോൾ സ്മാർട്ട് ഫോൺ ഇല്ലാത്തതാണ് ഇവരുടെ പഠനത്തിന് വിലങ്ങാവുന്നത്. തീർത്തും നിർധനരായ കുടുംബങ്ങളിലെ കുട്ടികളാണ് ഇവരിൽ നല്ലൊരുപക്ഷവും. കൊവിഡിന് പിന്നാലെ നിത്യവൃത്തി തന്നെ കഷ്ടിച്ച് മുന്നോട്ടുപോവുമ്പോൾ സ്മാർട്ട് ഫോൺ വാങ്ങാൻ രക്ഷിതാക്കളുടെ കൈവശം പണമില്ലാത്തതാണ് കുട്ടികളുടെ പഠനത്തിന് പ്രതിസന്ധി തീർക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യ കണക്കെടുപ്പിൽ ജില്ലയിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്നത് 10,​000ത്തോളം കുട്ടികൾക്കായിരുന്നു. പുതിയ മൊബൈൽ ഫോൺ കിട്ടുമെന്ന പ്രതീക്ഷയിൽ അനർഹരായ പലരും അദ്ധ്യാപകർ മുഖേനയെടുത്ത ലിസ്റ്റിൽ കയറിക്കൂടി. ഇവർ സ്വയം പിന്മാറിയതോടെയാണ് പഠനസൗകര്യമില്ലാത്തവരുടെ എണ്ണം ചുരുങ്ങിയത്. സന്നദ്ധ സംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് ഇതിനോടകം മൊബൈൽ ഫോൺ ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾക്ക് പുറമെ അതത് സ്കൂളുകളിലെ അദ്ധ്യാപക‌ർ പ്രത്യേകം ക്ലാസെടുക്കണമെന്ന നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്.

 

തിങ്കളാഴ്ച മുതൽ പഠനകേന്ദ്രങ്ങൾ

 

വീട്ടിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി തിങ്കളാഴ്ച മുതൽ ജില്ലയിൽ 548 പഠന കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങും. ലൈബ്രറികൾ, ബി.ആർ.സി സെന്ററുകൾ, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ. സി.ആർ.സി ഹാൾ, കൃഷിഭവൻ ഹാൾ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഓൺലൈൻ ക്ലാസുകൾക്കായുള്ള ഇടം കണ്ടെത്തിയത്. സെന്ററിലെ വൈദ്യുതി കണക്‌ഷൻ, ഇന്റർനെറ്റ് ലഭ്യത,​ കേബിൾ കണക്‌ഷൻ, മേശ,​ കസേര, ഫാൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. വീട്ടിൽ പഠന സൗകര്യങ്ങളുള്ള കുട്ടികളും സെന്ററുകളിൽ എത്താനുള്ള സാദ്ധ്യത അധികൃതർ മുൻകൂട്ടി കണ്ടിട്ടുണ്ട്. ജോലിക്ക് പോവുന്ന രക്ഷിതാക്കൾ കുട്ടികളെ വീട്ടിൽ തനിച്ചിരുത്തിയേക്കില്ല. ഇവർ പഠന കേന്ദ്രങ്ങളെ ആശ്രയിച്ചാൽ നിരുത്സാഹപ്പെടുത്തേണ്ട എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. പഠന കേന്ദ്രങ്ങളിൽ കുട്ടികളെ എത്തിക്കേണ്ട ചുമതല അതത് പ്രധാനാദ്ധ്യാപകർക്കാണ്. പഠനകേന്ദ്രങ്ങളിൽ എത്തുന്ന കുട്ടികളുടെ മേൽനോട്ടം അതത് സ്ഥലങ്ങളിലെ സ്‌കൂളുകളിലെ അദ്ധ്യാപകർക്കും. കുട്ടികൾക്ക് പഠിക്കാനാവശ്യമായ സഹായങ്ങൾ നൽകണം. കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. സ്കൂളുകൾക്ക് പകരം പൊതുഇടങ്ങളിലേക്കാണ് കുട്ടികളെത്തുന്നത് എന്നതിനാൽ അദ്ധ്യാപകർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമേകിയിട്ടുണ്ട്.

 

റേഞ്ചാണ് പ്രശ്നം

 

മൊബൈൽ സിഗ്നൽ കുറവായതിനാൽ പലയിടങ്ങളിലും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാവുന്നില്ല. മലയോരം, നഗര വ്യത്യാസമില്ലാതെ ജില്ലയിൽ പലയിടങ്ങളിലും സിഗ്നൽ പ്രശ്നം നേരിടുന്നതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. സിഗ്നൽ ലഭ്യമല്ലാത്ത സ്ഥലങ്ങളുടെയും പഠനം മുടങ്ങിയ കുട്ടികളുടെയും ലിസ്റ്റ് അദ്ധ്യാപകർ മുഖേന എടുത്ത് ഡി.ഡി.ഇ മുഖേന ജില്ലാ കളക്ടർക്കും ടെലികോം വകുപ്പിനും കൈമാറിയിട്ടുണ്ട്.

 

കെ.എസ്. കുസുമം,​ ഡി.ഡി.ഇ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് കളക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധയിടങ്ങളിൽ മൊബൈലിന് സിഗ്നൽ കുറവാണെന്നതാണ് മുന്നിലെ വെല്ലുവിളി. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല.