മൊബൈൽ ഹാക്ക് ചെയ്ത് പുതിയ വാട്‌സാപ്പ് അക്കൗണ്ട് തുടങ്ങി തട്ടിപ്പ്.
തിരുവനന്തപുരം: ആൻഡ്രോയിഡല്ലാത്ത സാധാരണ 2-ജി ഫോണുകൾ ഉപയോഗിക്കുന്നവരുടെ ഫോണുകൾ ഹാക്ക് ചെയ്ത് അവരുടെ നമ്പറുപയോഗിച്ച് പുതിയ വാട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്.
വാട്‌സാപ്പ് ഉപയോഗിക്കാൻ അറിയാത്തവർ ഇതിനെക്കുറിച്ച് അറിയുന്നില്ല. സാധാരണ ഫോൺ വളരെ സുരക്ഷിതമായിരിക്കും എന്നുള്ള ചിന്തയാണ് ചൂഷണം ചെയ്യുന്നത്. ഇങ്ങനെ വാട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കി ഇല്ലാത്ത കമ്പനികളുടെപേരിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടുക, പല ഇൻവസ്റ്റ്‌മെന്റ് സ്‌കീമുകളുടെ പേരിൽ പണം തട്ടുക തുടങ്ങിയ തട്ടിപ്പുകൾക്കാണ് വാട്‌സാപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്.
ബിസിനസ് അക്കൗണ്ടുകളാണ് കൂടുതലായും തുടങ്ങുന്നത്. ഇങ്ങനെ മൊബൈൽ ഹാക്ക് ചെയ്ത് തട്ടിപ്പിനിരയായവരിൽ മലയാളികളും ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം ബെംഗളൂരു ഐ.ബി.എമ്മിൽ. ക്ലൗഡ് നെറ്റ്‌വർക്ക് സെക്യൂരിറ്റി എൻജിനിയറായ എലത്തൂർ സ്വദേശി വിപിന് തന്റെ വാട്‌സാപ്പിലേക്ക് ഒരു ലിങ്ക് മെസേജായി ലഭിച്ചു. ഒരു ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ എന്നപേരിൽ രാജസ്ഥാനിലെ ഒരു കമ്പനിയുടെപേരിൽ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ, സംശയം തോന്നി തനിക്ക് ഇൻവെസ്റ്റ്‌മെന്റ് സ്‌കീമിൽ താത്‌പര്യമുള്ളപ്പോലെ തിരിച്ച് മെസേജ് അയച്ചു. പിന്നീട് ഇവർ പറഞ്ഞപേരിലുള്ള കമ്പിനിയുടെ ഒറിജിനൽ വെബ്‌സൈറ്റിലൂടെ അധികൃതരെ ബന്ധപ്പെട്ടു. പിന്നീട് അവർക്ക് ഇത്തരത്തിലുള്ളൊരു ഇൻവെസ്റ്റ്‌മെന്റ് സ്‌കീമില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിപിൻ കോഴിക്കോട് സൈബർ പോലീസിന് പരാതിനൽകി. വിപിന് പണം നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ, തട്ടിപ്പുകാർ നൽകിയ വാട്‌സാപ്പ് നമ്പർ ഒരു മലയാളിയുടേതായിരുന്നു. ഇയാളെ ബന്ധപ്പെട്ടപ്പോൾ ഇയാൾപോലും അറിയാതെയാണ് വാട്‌സാപ്പ് അക്കൗണ്ട് ആരംഭിച്ചതെന്നാണ് അറിഞ്ഞത്.
ഇത്തരത്തിൽ തട്ടിപ്പിനിരയായ നിരവധി പേർ സൈബർ പോലീസിൽ പരാതിനൽകിയിട്ടുണ്ട്.