റോഡ് പണി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും വെട്ടി പൊളിക്കുന്ന രീതി ഇനി ഉണ്ടാകില്ല; മന്ത്രി റോഷി അഗസ്റ്റിന്‍
നിർമ്മാണത്തിനു മുൻപ് വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തും
കോട്ടയം: റോഡുകൾ മനോഹരമായി പണിതീർക്കുക. പണി പൂർണമായും തീർന്ന ശേഷം പിന്നീട് കുത്തി പൊളിക്കുക. കാലങ്ങളായി കേരളത്തിൽ പലയിടത്തും നടന്ന കാഴ്ചയാണ് ഇത്. മുൻ പൊതുമരാമത്ത് മന്ത്രി അടക്കം ഇത് അവസാനിപ്പിക്കാൻ പല നീക്കങ്ങളും നടത്തി. പലയിടത്തും ഫലംകണ്ടു. പിന്നെയും പല റോഡുകളിലും ഇതേ സ്ഥിതി ആവർത്തിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മന്ത്രി റോഷി അഗസ്റ്റിൻ നിലപാട് വ്യക്തമാക്കിയത്.
കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിൽ ഇത്തരത്തിൽ റോഡ് വീണ്ടും കുത്തിപ്പൊളിച്ച സ്ഥിതി ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രിയുടെ മറുപടി. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും ആയി ചർച്ച നടത്തി കഴിഞ്ഞതായി റോഷി അഗസ്റ്റിൻ പറഞ്ഞു. റോഡ് പണി പൂർത്തിയാക്കിയ ശേഷം വീണ്ടും വെട്ടി പൊളിക്കുന്ന രീതി ഇനി ഉണ്ടാകില്ല. നിർമ്മാണത്തിനു മുൻപ് വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തും.
ജല വിഭവ വകുപ്പ്,പൊതുമരാമത്ത് വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവയെല്ലാം ആലോചിച്ച് ആകും പദ്ധതിയിൽ തീരുമാനമെടുക്കുക. പ്രദേശം വഴി കടന്നു പോകുന്ന പൈപ്പിന്റെ നിലവിലെ സ്ഥിതി അടക്കം പരിശോധിക്കും. പൈപ്പ് മാറ്റണോ എന്ന കാര്യത്തിൽ റോഡ് നിർമാണത്തിന് മുന്പ് തീരുമാനമെടുക്കും. അങ്ങനെ ചെയ്താൽ റോഡ് നിർമ്മിച്ച ശേഷം പിന്നീട് പൈപ്പ് പൊട്ടുന്ന സ്ഥിതി ഉണ്ടാകില്ല എന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല പൈപ്പ് ഇടുന്നത് അടക്കമുള്ള ചെലവുകൾക്ക് ഉൾപ്പെടുത്തിയാണ് റോഡിന്റെ വിശദമായ പദ്ധതിരേഖ തയ്യാറാക്കുക. ഇതിന് ആവശ്യമായ ചെലവുകൾ കൂടി പദ്ധതിയുടെ ഭാഗമാകാനാണ് ആലോചന. ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചകൾ ആണ് നടന്നിട്ടുള്ളത് എന്നും അന്തിമ തീരുമാനം വൈകാതെ ഉണ്ടാകുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.