എസ്.ഐ. കാമുകിയെ അടിച്ചുകൊന്നു; വീട്ടുകാരോട് പറഞ്ഞത് കോവിഡ് ബാധിച്ച് മരിച്ചെന്ന്

പോലീസ് വിപുലമായി അന്വേഷണം നടത്തിവരികയാണ്.

ഊട്ടി: ഊട്ടിയിൽ കാമുകിയെ കൊലപ്പെടുത്തിയ എസ്.ഐ. അറസ്റ്റിൽ. ക്യൂ ബ്രാഞ്ച് എസ്.ഐ. മുസ്തഫയാണ് കാമുകിയായ മാഗി എന്ന മാർഗരറ്റിനെ (50) കൊലചെയ്ത കേസിൽ അറസ്റ്റിലായത്.

ഊട്ടി കാന്തലിലാണ് ഇരുവരും താമസം. മൂന്നുദിവസം മുമ്പ് മുസ്തഫ മാഗിയെ അവരുടെ വീട്ടിൽച്ചെന്ന് കൂട്ടിക്കൊണ്ടുപോയിരുന്നു. വെള്ളിയാഴ്ച മുസ്തഫ, മാഗിയുടെ വീട്ടിലെത്തി അവർ കോവിഡ് കാരണം മരിച്ചെന്നും മൃതദേഹം കൊണ്ടുവന്നിട്ടുണ്ടെന്നും ഉടൻ അടക്കംചെയ്യണമെന്നും പറഞ്ഞു. മൃതദേഹത്തിൽ മുഖത്തും മറ്റ് ഭാഗങ്ങളിലും പരിക്ക് ശ്രദ്ധയിൽപ്പെട്ട മാഗിയുടെ ബന്ധുക്കൾ ഊട്ടി ജി.വൺ പോലീസ് സ്റ്റേഷനിൽ പരാതിനൽകി.

പോലീസെത്തി പരിശോധന നടത്തുകയും കൊലപാതകമാണെന്ന് സംശയിക്കുന്നതായും അറിയിച്ചതോടെ ജില്ലാ എസ്.പി. ആശിഷ് റാവത്ത് സംഭവസ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്താൽ ഉത്തരവിട്ടു.തുടർന്ന്, പോലീസ് മുസ്തഫയെ പലവട്ടം ചോദ്യംചെയ്തപ്പോൾ മാഗിയെ താൻ അടിച്ചുകൊന്നതാണെന്ന് സമ്മതിച്ചു. തുടർന്ന്, മുസ്തഫയെ അറസ്റ്റ് ചെയ്യുകയായിരുന്നു.